സര്‍ക്കാരും ഗവര്‍ണറും വിസിയുടെ കാര്യത്തില്‍ ഇനി തര്‍ക്കിക്കേണ്ട; നിയമനം നേരിട്ട് നടത്താന്‍ സുപ്രീം കോടതി

വൈസ് ചാന്‍സലര്‍ നിയമനത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ഇനിയും തര്‍ക്കിച്ച് സമയം പാഴാക്കേണ്ടെന്ന് സുപ്രീം കോടതി. നേരിട്ട് കോടതി തന്നെ നിയനം നടത്താം എന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലാണ് നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.

നിയമനത്തിനുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കി മുദ്ര വച്ച കവറില്‍ കൈമാറണം. അടുത്ത ബുധനാഴ്ച്ച വൈകീട്ടോടെ പട്ടിക കൈമാറാനാണ് നിര്‍ദേശം. പട്ടികയില്‍നിന്ന് വൈസ് ചാന്‍സലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. നിരവധി തവണ ചര്‍ച്ചകള്‍ നടന്നിട്ടും സമവായം ആകാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ജസ്റ്റിസ് സുധാന്‍ഷു ദുലിയ അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പാനല്‍ പാനല്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. അക്ഷരമാല ക്രമത്തിലായിരുന്നു പേരുകള്‍ രേഖപ്പെടുത്തിയിരുന്നത്. ഈ പാനലില്‍നിന്നാണ് മുന്‍ഗണനാക്രമം തയ്യാറാക്കി മുഖ്യമന്ത്രി ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറി. എന്നാല്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല.

സാങ്കേതിക വൈസ് ചാന്‍സലര്‍ ആയി സിസ തോമസിനെ നിയമിക്കണം എന്ന തീരുമാനത്തില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top