പിന്നോട്ടില്ലെന്ന് സതീശൻ!! പുനർജനിയിൽ വീണ്ടും കല്ലിട്ടു; സിബിഐ വരട്ടെയെന്നും പ്രതിപക്ഷനേതാവ്

വിവാദങ്ങൾക്കിടയിലും പറവൂർ മണ്ഡലത്തിലെ പുനർജനി പദ്ധതിയുമായി വി ഡി സതീശൻ മുന്നോട്ട്. പുതിയ വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. ആരെങ്കിലും പരാതി നൽകിയെന്ന് കരുതി ജനങ്ങൾക്കുവേണ്ടിയുള്ള പദ്ധതികൾ നിർത്താൻ കഴിയില്ലെന്നും ഇതിനകം 230-ഓളം വീടുകൾ പുനർജനിയിലൂടെ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിറ്റേറ്റുകര പഞ്ചായത്തിലെ വിജി ഗോപിനാഥിനാണ് സ്പോൺസറുടെ സഹായത്തോടെ ഇപ്പോൾ വീട് നിർമ്മിക്കുന്നത്.
പദ്ധതിയുടെ പണപ്പിരിവിനെച്ചൊല്ലി സിബിഐ അന്വേഷണം വേണമെന്ന ആവശ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. സിബിഐ അന്വേഷണം വേണമെങ്കിൽ അത് നടക്കട്ടെയെന്നും മണപ്പാട്ട് ഫൗണ്ടേഷൻ നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും രേഖകൾ തന്റെ കൈവശം ഉണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. പ്രളയത്തിൽ തകർന്ന പറവൂരിനെ പുനർനിർമ്മിക്കാൻ ആരംഭിച്ച ഈ പദ്ധതിയിലെ വിദേശ പണപ്പിരിവ് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ നേരത്തെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പുനർജനി കേസിലെ പഴയ റിപ്പോർട്ടുകൾ സർക്കാർ വീണ്ടും സജീവമാക്കുകയാണ്. കേസ് സിബിഐക്ക് വിടുന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വി ഡി സതീശൻ പദ്ധതിയുടെ അടുത്ത ഘട്ടവുമായി രംഗത്തെത്തിയത്. സർക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങളെ പദ്ധതിയുടെ തുടർച്ചയിലൂടെ പ്രതിരോധിക്കുക എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here