സതീശന്റെ മാസ്റ്റർ പ്ലാൻ കോൺഗ്രസിനെ രക്ഷിക്കുമോ? 50% സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും

രാജസ്ഥാനിലെ ഉദയ്‌പൂരിൽ വച്ച് നടന്ന കോൺഗ്രസിന്റെ മൂന്ന് ദിവസത്തെ ഉദയ്‌പൂർ ചിന്തൻ ശിബിര തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലായാലും നിയമസഭയിലായാലും 50 ശതമാനം പ്രാതിനിധ്യം യുവാക്കൾക്കും സ്ത്രീകൾക്കും നീക്കിവെക്കണമെന്നായിരുന്നു തീരുമാനം. ‘ദി ഇന്ത്യൻ എക്‌സ്പ്രസിന്’ നൽകിയ അഭിമുഖത്തിലായിരുന്നു സതീശൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
സതീശന്റെ തീരുമാനങ്ങൾ നടപ്പിലാക്കപ്പെട്ടാൽ അത് സംഘടന ഏത് രീതിയിൽ ബാധിക്കും എന്ന ആകാംക്ഷയിലാണ് നേതൃത്വവും പ്രവർത്തകരും. അൻവറിനെ വരച്ച വരയിൽ നിർത്തിയും, രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയും കരുത്തുതെളിയിച്ച സതീശന്റെ നീക്കം ഏത് തരത്തിൽ പ്രവർത്തികമാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
യുവാക്കൾക്കും വനിതകൾക്കും 50 ശതമാനം സീറ്റ് നൽകാനുള്ള നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക വർഷങ്ങളായി സീറ്റ് മോഹിച്ചു നടക്കുന്ന മുതിർന്ന നേതാക്കളെയാണ്. വർഷങ്ങളായി മണ്ഡലം കൈവശം വച്ചിരിക്കുന്നവർ സീറ്റ് നിഷേധിക്കപ്പെട്ടാൽ വിമതരായി രംഗത്തെത്താൻ സാധ്യതയുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിക്കുണ്ടായ ക്ഷീണം മുതിർന്ന നേതാക്കൾ സതീശനെതിരെ ആയുധമാക്കിയേക്കാം. യുവരക്തത്തെ കൊണ്ടുവന്നപ്പോൾ കിട്ടിയ തിരിച്ചടി കണ്ടില്ലേ എന്ന ചോദ്യം പാർട്ടി വേദികളിൽ ഉയരും.
Also Read : സതീശന്റെ നേതൃത്വം അംഗീകരിച്ച് പിവി അന്‍വര്‍; ജാനുവിനൊപ്പം യുഡിഎഫില്‍ സഹകരിപ്പിക്കും; വാഗ്ദാനങ്ങളൊന്നുമില്ല
യുവ നേതൃത്വത്തെ വളർത്തുക എന്ന ലക്ഷ്യത്തോടെ സതീശൻ ഉൾപ്പെടെയുള്ളവർ പാലക്കാട് നിയമസഭയിലേക്ക് എത്തിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് വരുത്തി വച്ച പേരുദോഷം ചെറുതല്ല. ലൈംഗിക പീഡനാരോപണങ്ങളും തുടർന്നുള്ള അറസ്റ്റ് ഭീഷണികളും പാർട്ടിയെ വൻ നാണക്കേടിലേക്കാണ് തള്ളിയിട്ടത്. എന്നാൽ, ഇവിടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സതീശൻ സ്വീകരിച്ചത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സതീശൻ തന്റെ മൈലേജ് വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ ഉറക്കം കെടുത്തിയ പി.വി. അൻവറിനെ യു.ഡി.എഫിന്റെ അസോസിയേറ്റ് മെമ്പർ സ്ഥാനത്തേക്ക് എത്തിക്കുന്നതിലും സതീശൻ തന്റെ രാഷ്ട്രീയ ബുദ്ധി തെളിയിച്ചു. അൻവറിന്റെ നിബന്ധനകൾക്ക് വഴങ്ങാതെ, അദ്ദേഹത്തെ മുന്നണിയുടെ ഭാഗമാക്കിയത് സതീശന്റെ വിജയമായി വിലയിരുത്തപ്പെടുന്നു. ഇത്തരത്തിൽ സംഘടനയ്ക്കുള്ളിൽ നിർണ്ണായകമായ സ്വാധീനം ഉറപ്പിച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് സതീശന്റെ നിര്‍ണ്ണായകമായ പുതിയ തീരുമാനം.
മുൻകാലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് സമവാക്യങ്ങൾക്കായിരുന്നു മുൻതൂക്കം. എന്നാൽ ഗ്രൂപ്പിന് അതീതമായി മെറിറ്റും യുവത്വവും പരിഗണിക്കുന്ന സതീശന്റെ ശൈലി വിജയിച്ചാൽ അത് കോൺഗ്രസിന് വലിയ ഗുണമുണ്ടാക്കും. “തോറ്റവർക്ക് ഇനി സീറ്റില്ല, ജനങ്ങൾ ആഗ്രഹിക്കുന്നവർ മാത്രം വരും” ഈ നിലപാടിൽ സതീശൻ ഉറച്ചുനിന്നാൽ അത് പാർട്ടിയെ അടിമുടി മാറ്റും. എന്നാൽ ഇതിനെതിരെ കെ.പി.സി.സിയിൽ ഉയരാൻ സാധ്യതയുള്ള കലാപം അടിച്ചമർത്തുക എന്നത് സതീശനെ സംബന്ധിച്ച് വലിയൊരു പരീക്ഷണമായിരിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here