NSSമായും SNDPമായും തർക്കമില്ല; സമുദായങ്ങളോട് അടുക്കാനുള്ള ശ്രമങ്ങളുമായി വി ഡി സതീശൻ

ശബരിമല വിഷയത്തിൽ എൻഎസ്എസുമായും എസ്എൻഡിപിയുമായി തർക്കത്തിനില്ലെന്ന് വി ഡി സതീശൻ. സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. അവരുമായി നല്ല ബന്ധത്തിലാണ് നിലവിൽ മുന്നോട്ട് പോകുന്നത്. വർഗീയ വാദികളെ എൻഎസ് എസ് ആസ്ഥാനത്ത് കയറ്റാത്ത നിലപാടാണ് എൻ എസ് എസ് നേരത്തെയും സ്വീകരിച്ചത്. അതിൽ നിന്നും അവർ പിന്നോട്ട് പോയിട്ടില്ലെന്നുമാണ് സതീശന്റെ നിലപാട്.
ഇലക്ഷൻ അടുത്ത് വരുന്നതോടെ സാമുദായിക സംഘടനകളെ കൂടെ ചേർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിലപാടുകളെന്ന് വിമർശനം ഉയരുന്നുണ്ട്. ക്രൈസ്തവ സംഘടനകളുടെ ചടങ്ങുകളിൽ സതീശൻ സ്ഥിരം മുഖമായിരിക്കുകയാണ്. സതീശനെതിരെ പരസ്യമായി ആക്ഷേപം നടത്തുന്ന വെള്ളാപ്പള്ളിയുമായി അടുക്കുന്നത് അത്ര പ്രവർത്തികമല്ലെന്നതിനാൽ എൻഎസ്എസുമായി അടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. എൻഎസ്എസ് സർക്കാറിനോടൊപ്പം ചേർന്നത് യുഡിഎഫിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ.
ശബരിമല വിഷയത്തിൽ എൽഡിഎഫ് സ്വീകരിച്ച മുൻ നിലപാടുകൾ അവർക്കെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥ് പങ്കെടുത്തതും യുഡിഎഫ് ചർച്ചയാക്കുന്നുണ്ട്. കൂടാതെ സർക്കാരിനോട് സതീശൻ 3 പ്രധാന ചോദ്യങ്ങളുന്നയിച്ചു.
ശബരിമലയിൽ ആചാര ലംഘനത്തിന് അനുകൂല സത്യവാങ്മൂലം നൽകിയത് തിരുത്താൻ സർക്കാർ തയ്യാറാകുമോ? നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസ് പ്രവർത്തകർക്കെതിരെ അടക്കം എടുത്ത കേസ് പിൻവലിക്കാൻ തയ്യാറാണോ? ഭരണത്തിന്റെ 10 -ാ വർഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ശബരിമല മാസ്റ്റർ പ്ലാൻ സിപിഎമ്മിന്റെ കപടഭക്തിയുടെ ഭാഗമല്ലേ? തുടങ്ങിയ മൂന്നു ചോദ്യങ്ങൾ ഉയർത്തി എൽഡിഎഫിനെ പ്രതിസന്ധിയിലാക്കാനുള്ള ശ്രമത്തിലാണ് സതീശൻ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here