ഇന്നലെയും ഫോണില്‍ വിളിച്ചു, കത്തും നല്‍കി; വിഷ്ണുപുരത്തിന്റെ വെല്ലുവിളിക്ക് മറുപടിയുമായി വിഡി സതീശന്‍

യുഡിഎഫ് പ്രവേശനത്തിന് വിഷ്ണുപുരം ചന്ദ്രശേഖരൻ കത്ത് നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേരിലും ഫോണിലും ചര്‍ച്ച നടത്തി. ഇന്നലെയും ഫോണില്‍ സംസാരിച്ചു എന്നും സതീശന്‍ പറഞ്ഞു. യുഡിഎഫിന് കത്ത് നല്‍കിയിട്ടില്ലെന്നും താന്‍ സ്വയംസേവകനാണ് എന്നുമാണ്, യുഡിഎഫ് അസോസിയേറ്റ് മെമ്പറാക്കാനുള്ള തീരുമാനത്തിന് പിന്നാലെ ചന്ദ്രശേഖരൻ പ്രതികരിച്ചത്. കത്ത് പുറത്തുവിടണമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
താനും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ളവരെ വിളിച്ച് പലവട്ടം സംസാരിച്ചു. അതദ്ദേഹം നിഷേധിച്ചിട്ടില്ല. മുന്നണി പ്രവേശത്തിന് അല്ലാതെ വെറുതെ ഞങ്ങളെ കാണേണ്ട കാര്യമില്ല. ഇന്നലെ വൈകിട്ട് 5:42നും 7:41നും വിളിച്ചു. എന്നിട്ടിന്ന് മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഘടകകക്ഷി ആക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് മെമ്പറാകാന്‍ താല്‍പര്യമില്ലെങ്കില്‍ വേണ്ട, ഒരു വിരോധവുമില്ലെന്നും സതീശന്‍ പറഞ്ഞു.
യുഡ.എഫില്‍ അസോസിയേറ്റ് അംഗമാക്കിയ മൂന്ന് കക്ഷികളും രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ട്. മുന്നണിയില്‍ ചേരാനല്ലെങ്കില്‍ പിന്നെ ഇന്നലെയും ഇന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ വിളിച്ചത് എന്തിനായിരുന്നു? ഓരോരുത്തരും അവരുടെ വിശ്വാസ്യത ആണ് തെളിയിക്കുന്നത്. അദ്ദേഹത്തിന് താല്‍പര്യമില്ലെങ്കിൽ കുഴപ്പമില്ല. ഞങ്ങളോട് അഭ്യര്‍ത്ഥിക്കാത്ത ആളെ എന്തിനാണ് ഞങ്ങള്‍ അസോസിയേറ്റ് അംഗമാക്കുന്നതെന്നും സതീശന്‍ ചോദിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here