‘ക്രിസ്മസ് തലേന്ന് ഛത്തീസ്ഗഡിൽ ബന്ദ്, സ്കൂൾ അവധി പിൻവലിച്ച് യുപി; രാജ്യത്ത് ക്രൈസ്തവർ കടുത്ത ഭീതിയിലെന്ന്’ വിഡി സതീശൻ

ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ അത്യന്തം ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും കേന്ദ്ര സർക്കാർ ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2024-ൽ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ 834 അക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഒക്ടോബർ 30 വരെ മാത്രം 706 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന ഈ അക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോൺഫ്രൻസ് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതികൾ അവഗണിക്കപ്പെടുകയാണെന്നും സതീശൻ പറഞ്ഞു.

Also Read : തികഞ്ഞ അരക്ഷിതാവസ്ഥയിലെന്ന് ഛത്തിസ്ഗഡിലെ ക്രൈസ്തവര്‍; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സുരക്ഷ വേണമെന്ന് ആവശ്യം

രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങൾ ഏറെയും നടക്കുന്നത്. ക്രിസ്മസ് തലേന്നായ ഇന്ന് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കെതിരെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കാങ്കർ ജില്ലയിൽ ഒരു വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാൻ പോലും സമ്മതിക്കാത്ത സാഹചര്യം ഉണ്ടായെന്നും നിരവധി പള്ളികൾ കത്തിക്കപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജബൽപൂരിൽ ആരാധനയ്ക്കിടെ കാഴ്ചപരിമിതിയുള്ള സ്ത്രീയെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മർദ്ദിച്ച സംഭവം പുറത്തുവന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്നും ക്രിസ്മസ് ദിനമായ ഡിസംബർ 25ന് സ്കൂളുകൾക്ക് നൽകിയിരുന്ന അവധി യോഗി സർക്കാർ പിൻവലിച്ചത് കടുത്ത നീതിനിഷേധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരുവശത്ത് ക്രിസ്ത്യാനികളെ ആക്രമിക്കുകയും മറുവശത്ത് വോട്ട് തേടി അരമനകൾ കയറിയിറങ്ങുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബിജെപി കാണിക്കുന്നതെന്ന് സതീശൻ വിമർശിച്ചു. പാലക്കാട് കാരൾ സംഘത്തിന് നേരെ നടന്ന അക്രമത്തെ ന്യായീകരിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ കഴിഞ്ഞ അഞ്ച് വർഷമായി ക്രൈസ്തവ പ്രാതിനിധ്യമില്ലെന്നും ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള കമ്മീഷനുകൾ പ്രവർത്തനരഹിതമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top