2026ൽ യുഡിഎഫ് അധികാരത്തിൽ വരും; പെൻഷൻ വർധനവ് തിരഞ്ഞെടുപ്പ് തട്ടിപ്പ്; വിമർശനവുമായി വി ഡി സതീശൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ 2500 രൂപയായി വർധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി വിജയൻ സർക്കാരിന്റെ ക്ഷേമ പ്രഖ്യാപനങ്ങളെയും സാമൂഹ്യ സുരക്ഷാ പെൻഷൻ വർധനവിനെയും തിരഞ്ഞെടുപ്പ് തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് ഈ പ്രഖ്യാപനങ്ങൾ സർക്കാരിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചു.

മാധ്യമങ്ങളോട് സംസാരിക്കവെ പാവപ്പെട്ടവർക്ക് സർക്കാർ എന്ത് നൽകിയാലും പ്രതിപക്ഷം അതിനെ സ്വാഗതം ചെയ്യുമെന്നും, എന്നാൽ എൽഡിഎഫ് സർക്കാരിന്റെ നടപടികൾ കേവലം രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാലര വർഷക്കാലം ഇത് ചെയ്തില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 400 രൂപ വർധിപ്പിച്ചത്. യഥാർത്ഥത്തിൽ ഗുണഭോക്താക്കൾക്ക് 900 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കേരളത്തിലെ ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കാൻ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

Also Read : ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന പിണറായിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പ്രതിരോധിക്കാന്‍ യുഡിഎഫ് ഏറെ വിയര്‍ക്കും

സംസ്ഥാനത്തെ ധനകാര്യ സ്ഥിതിയെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഈ സർക്കാർ കൊടുക്കാനുള്ളത് ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്ന് അദ്ദേഹം ആരോപിച്ചു. ക്ഷേമനിധികളും മറ്റ് ആനുകൂല്യങ്ങളും ഇത്രയധികം മുടങ്ങിയ കാലം മുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായനാർ സർക്കാരാണ് പെൻഷൻ നൽകി തുടങ്ങിയതെന്ന പ്രചാരണം പച്ചക്കള്ളമാണ് എന്നും അദ്ദേഹം പറഞ്ഞു.

ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാരാണ് ഇപ്പോൾ 33 രൂപ കൂടുതൽ കൊടുത്തിരിക്കുന്നതെന്നും, അവരുടെ ഓണറേറിയം ഗൗരവകരമായി വർദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി പോലും പറഞ്ഞിട്ടുള്ളതാണെന്നും സതീശൻ ഓർമ്മിപ്പിച്ചു. കൂടാതെ, 2026-ൽ നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചു വരുമെന്നും അതിന് നേതൃത്വം നൽകുന്നത് കോൺഗ്രസ്സാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോൺഗ്രസ്സിൽ കുഴപ്പമുണ്ടെന്നത് സിപിഐഎം പ്രചാരണമാണെന്നും, യഥാർത്ഥത്തിൽ ഇപ്പോൾ എൽഡിഎഫിലാണ് കുഴപ്പമെന്നും സതീശൻ പരിഹസിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ കുടിശ്ശികയുണ്ടായിരുന്നു എന്ന സിപിഎം ക്യാപ്സ്യൂൾ തെളിയിക്കാൻ മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും അദ്ദേഹം വെല്ലുവിളിച്ചു.പി എം ശ്രീ പദ്ധതിയിൽ ആരും അറിയാതെ ഒപ്പുവെച്ചതിന് ശേഷമാണോ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top