അകന്നുപോയ ക്രൈസ്തവ വോട്ടുകൾ യുഡിഎഫിലേക്ക് തിരിച്ചെത്തി; സതീശൻ്റെ സോഷ്യൽ എഞ്ചിനീയറിംഗ് വിജയിച്ചെന്ന് കേന്ദ്ര നേതൃത്വം

കഴിഞ്ഞ നാലര വർഷമായി സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടപ്പാക്കിയ ന്യൂനപക്ഷ സോഷ്യൽ എഞ്ചിനീയറിംഗ് ഫലം കണ്ടതായി പാർട്ടി നേതൃത്വം. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അകന്നു നിന്ന ക്രൈസ്തവ സഭകൾ ഒന്നടങ്കം കോൺഗ്രസ് പാളയത്തിലേക്ക് എത്തി എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പരമ്പരാഗതമായി സിപിഎമ്മിനൊപ്പം നിന്ന പെന്തക്കോസ്ത് സഭാ വിഭാഗങ്ങൾ പോലും യുഡിഎഫിനൊപ്പം ചേർന്നതിൻ്റെ റിസൾട്ടാണ് ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഉജ്ജ്വല വിജയം നേടിയ സംസ്ഥാന നേതൃത്വത്തെ എഐസിസി വർക്കിംഗ് കമ്മറ്റി അഭിനന്ദിച്ചിരുന്നു.
പലവിധ കാരണങ്ങളാൽ കെപിസിസി നേതൃത്വങ്ങളുമായി കലഹിച്ചു നിന്ന മലങ്കര ഓർത്ത ഡോക്സ് സഭ പരസ്യമായിട്ടാണ് കോൺഗ്രസിനെ പിന്തുണച്ചത്. സഭാ തർക്കത്തെത്തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കലഹിച്ച് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണ നൽകിയ സഭയുടെ ചുവടു മാറ്റം ശ്രദ്ധേയമാണ്. ഇടക്കാലത്ത് ബിജെപിയുമായി ചേരുന്നതിൽ തെറ്റില്ലാ എന്ന നരേറ്റീവ് പരസ്യമായി പറഞ്ഞിരുന്ന സിറോ മലബാർ സഭ നേതൃത്വം ഏതാണ്ട് പൂർണമായി യുഡിഎഫിനൊപ്പം ചേർന്നു നിൽക്കയാണ്. പ്രതിപക്ഷ നേതാവ് സതീശൻ വിവിധ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളാണ് സഭാ നേതൃത്വങ്ങളെ കോൺഗ്രസിനൊപ്പം ചേരാൻ പ്രേരിപ്പിച്ചത്. വിശിഷ്യാ വടക്കേ ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ ക്രൈസ്തവർക്കെതിരെ നിരന്തരം അക്രമം അഴിച്ചു വിടുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് മാത്രമാണ് ഏക ശരണം എന്ന് സഭാ നേതൃത്വങ്ങൾക്ക് തിരിച്ചറിവുണ്ടായി.
Also Read : സതീശന്റെ മാസ്റ്റർ പ്ലാൻ കോൺഗ്രസിനെ രക്ഷിക്കുമോ? 50% സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും
സതീശൻ്റെ കർക്കശമായ മതേതര നിലപാടുകളോട് ഒട്ടുമിക്ക സഭകളിലെയും ബിഷപ്പുമാരും യോജിച്ചത് പാർട്ടിക്ക് ഗുണം ചെയ്തു. വന്യമൃഗശല്യം, തീരദേശ പ്രശ്നങ്ങൾ, ഭുമിപ്രശ്നം, മുനമ്പം, എയിഡഡ് സ്കൂൾ അധ്യാപക പ്രശ്നം തുടങ്ങി സഭകൾ ഉയർത്തിയ വിഷയങ്ങളോട് പ്രതിപക്ഷം ക്രിയാത്മകമായി പ്രതികരിച്ചതിൻ്റെ പ്രതിഫലമായിട്ടാണ് വോട്ട് നേട്ടത്തെ കോൺഗ്രസ് വിലയിരുത്തുന്നത്. സഭാ നേതാക്കളുമായി സതീശനുണ്ടാക്കിയ ഇഴയടുപ്പം കാരണം 250 ലധികം ക്രൈസ്തവ സമ്മേളനങ്ങളിൽ പ്രതിപക്ഷ നേതാവ് സുവിശേഷം പ്രസംഗിച്ചത് ഗുണം ചെയ്തുവെന്നാണ് വർക്കിംഗ് കമ്മറ്റിയുടെ വിലയിരുത്തൽ. കോൺഗ്രസിലെ മറ്റൊരു നേതാവിനും ലഭിക്കാത്ത അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. 22 വർഷം മുമ്പ് മുഖ്യമന്ത്രി എ കെ ആൻ്റണി ന്യൂനപക്ഷങ്ങൾക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ ഉണ്ടാക്കിയ മുറിവുണക്കാൻ സതീശന് കഴിഞ്ഞതിൻ്റെ നേട്ടമാണ് യു ഡി എഫിന് മധ്യകേരളത്തിലുണ്ടായത്. മാണി ഗ്രൂപ്പ് യുഡിഎഫിന് ഒപ്പം ഇല്ലാതിരുന്നിട്ടും എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്ക് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ മലയോര പ്രദേശങ്ങളിലും യുഡിഎഫ് തൂത്തു വരാൻ കാരണം ഈ സോഷ്യൽ എഞ്ചിനീയറിംഗ് ആണ് കാരണമായത്.
“ന്യൂനപക്ഷ സമുദായങ്ങള്‍ തങ്ങളുടെ സംഘടിതശക്തി ഉപയോഗിച്ച് വിലപേശാമെന്നും സര്‍ക്കാരിനെക്കൊണ്ട് എന്തും ചെയ്യിക്കാമെന്നുമുള്ള ധാരണ തിരുത്തണം. ഗള്‍ഫ് പണമാണ് ന്യൂനപക്ഷ സമുദായങ്ങളെ സംഘടിത ശക്തിയാക്കുന്നത്. അവരുടെ നേതാക്കള്‍ കൂടുതല്‍ സംയമനം പാലിക്കണം” മുഖ്യമന്ത്രി എ കെ ആന്റണിയുടെ വിവാദപരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു. മാറാട് കലാപത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു 2003 ജൂലായ് 7 ന് തിരുവനന്തപുരം എയർപോർട്ടിൽ വെച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത്. കോൺഗ്രസ് മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ന്യൂനപക്ഷ നേതാക്കൾ ശക്തമായി പ്രതികരികരിച്ചതിൻ്റെ ഫലമായി പാർട്ടിയുടെ വോട്ട് ബാങ്കിൽ വലിയ ചോർച്ച സംഭവിക്കുകയും ചെയ്തു. പിന്നീടുണ്ടായ 2006, 2011, 2016 , 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിനൊപ്പം ചേർന്നു നിൽക്കുന്ന സ്ഥിതിയുണ്ടായി. ഒട്ടുമിക്ക ക്രിസ്ത്യൻ സഭകളും ഇടതു മുന്നണിയെ പര്യസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. കാൽ നൂറ്റാണ്ടായി അകന്നുപോയ വോട്ട് ബാങ്കിൻ്റെ തിരിച്ചു വരവ് നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ യു ഡി എഫിന് ഭരണം ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here