വിഡി സതീശന്റെ മനുഷ്യത്വപരമായ ഇടപെടൽ; ഡോക്ടർമാരുടെ പിഴവിൽ കൈ നഷ്ടപ്പെട്ട ഒൻപതുവയസുകാരിക്ക് കൃത്രിമക്കൈ

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില്‍ വലതുകൈ മുറിച്ചു മാറ്റിയ ഒന്‍പതുവയസുകാരിക്ക് ആശ്വാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുതുവര്‍ഷത്തിലും സ്‌കൂളില്‍ പോകാനാകാതെ വീട്ടില്‍ കഴിയുന്ന വിനോദിനി എന്ന കുട്ടിയുടെ വിഷമം ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് പ്രതിപക്ഷ നേതാവ് വേഗത്തില്‍ ഇടപെട്ടത്.

വിനോദിനിയുടെ അമ്മയുമായി വിഡി സതീശന്‍ സംസാരിച്ചു. ഇന്ന് തന്നെ ചികിത്സ തുടങ്ങാം എന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയത്. ഏഴ് ലക്ഷത്തോളം രൂപ ചിലവ് വരുന്ന ചികിത്സ എങ്ങനെ വേണം എന്ന് അറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു കുടുംബം. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ഒരു വഴിയും ഇല്ലാതെ നിസഹായരായി ഇരിക്കുന്ന സമയത്താണ് പ്രതിപക്ഷ നേതാവിന്റെ വിളിയെത്തിയത്.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനിയുടെ കൈ ഒടിഞ്ഞത്. ഉടന്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. ഇവിടെ എത്തിച്ച് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.

ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പിഴവ് കാരണമാണ് ഒന്‍പതുകാരിയുടെ കൈ നഷ്ടമായത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ മാത്രം അനുവദിച്ച് സര്‍ക്കാര്‍ തടിയൂരുകയാണ് ചെയ്തത്. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സര്‍ക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. കൈ നഷ്ടമായതോടെ കൂട്ടികാരികള്‍ കളിയാക്കും എന്ന് ഭയന്ന് സ്‌കൂളില്‍ പോലും പോകാതെ വിനോദിനി വീട്ടില്‍ ഇരിക്കുകയാണ്. കൃത്രിമക്കൈ ലഭിച്ച ശേഷം സ്‌കൂളില്‍ പോകാമെന്ന സന്തോഷത്തിലാണ് വിനോദിനി ഇപ്പോള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top