വേടൻ പരാതിക്കാരിയൊത്തുള്ള ഫോട്ടോകൾ ഹൈക്കോടതിയിൽ… മുൻകൂർ ജാമ്യത്തിൽ ഉത്തരവ് നീട്ടി; വാദം പൂർത്തിയായി

റാപ്പർ വേടനും ബലാൽസംഗക്കേസിലെ പരാതിക്കാരിയുമൊത്തുള്ള ഫോട്ടോകൾ ഹൈക്കോടതിയിൽ ഹാജരാക്കി. പരാതിക്കാരിയുടെ അഭിഭാഷകയാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിന് തെളിവായി ഫോട്ടോകൾ ഹാജരാക്കിയത്. പ്രതിഭാഗം ഇതിനെ എതിർത്തെങ്കിലും ഫോട്ടോകൾ കോടതി പരിശോധിച്ചു.
അതേസമയം ബന്ധം വിവാഹത്തിൽ എത്തിയില്ല എന്നത് കൊണ്ട് എങ്ങനെ ബലാൽസംഗകുറ്റം നിലനിൽക്കുമെന്ന ചോദ്യം കോടതി ഇന്നും ഉന്നയിച്ചു. എന്നാൽ ലൈംഗിക ബന്ധത്തിന് സമ്മതം നേടിയത് വിവാഹം കഴിക്കാമെന്നു തെറ്റിദ്ധരിപ്പിച്ചാണ് എന്നതിനാൽ, അത് യഥാർത്ഥ സമ്മതമായി കണക്കാക്കാൻ കഴിയില്ല എന്നതാണ് നിയമമെന്ന് പരാതിക്കാരി വാദിച്ചു.
അന്നു മുതൽ താൻ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോകുകയാണ് എന്ന വസ്തുത കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരാതിക്കാരി ഹാജരാക്കി. എല്ലാം പരിശോധിച്ച ശേഷം മറ്റന്നാൾ വിധി പറയാൻ ശ്രമിക്കാം എന്നാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അറിയിച്ചത്. ബുധനാഴ്ച ഉത്തരവ് ഉണ്ടായില്ലെങ്കിൽ ഓണാവധിക്ക് ശേഷം ഉണ്ടാകൂ.
വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡനത്തിന് ഇരയാക്കിയെന്നാണ് യുവഡോക്ടര്‍ നല്‍കിയ പരാതി. സാമ്പത്തികമായും ചൂഷണം ചെയ്തു. ഇത് തെളിയിക്കുന്നതിനുള്ള രേഖകളും യുവതി കൈമാറിയിരുന്നു. സമാന രീതിയില്‍ ലൈംഗിക അതിക്രമം ഉന്നയിച്ച് രണ്ടു യുവതികള്‍ കൂടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിൽ ഒരെണ്ണത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദളിത് സംഗീതത്തില്‍ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണില്‍ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറില്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടന്‍ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. തന്റെ കലാപരിപാടികളില്‍ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടന്‍, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തില്‍ ഉണ്ടായതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here