വേടൻ്റെ കാര്യത്തിൽ പൊലീസിൻ്റെ അതേ മൗനം ഹൈക്കോടതിയിൽ സർക്കാരിനും!! മുൻകൂർ ജാമ്യ വാദത്തിനിടെ കോട്ടുവായിട്ടുപോലും ശബ്ദിക്കാതെ ജി.പി.

ബലാൽസംഗക്കേസിൽ പ്രതിയായ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ മുൻകൂർ ജാമ്യാപേക്ഷ രണ്ടുദിവസമായി ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ബഞ്ച് പരിഗണിക്കുകയാണ്. പ്രതിക്ക് ജാമ്യത്തിനായി ഹാജരാകുന്ന എസ് രാജീവിൻ്റെ പ്രാഥമികവാദം തിങ്കളാഴ്ച നടന്നു. അതിനെതിരെ പരാതിക്കാരിയുടെ അഭിഭാഷക വിമലാ ബിനു ഇന്നലെ വാദം ഉന്നയിച്ചു. ഇന്നും അത് തുടർന്നു. യഥാർത്ഥത്തിൽ ഇത് സർക്കാരാണ് നടത്തേണ്ടത്, അഥവാ സർക്കാരിന് വേണ്ടി ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡറാണ്. എന്നാൽ അദ്ദേഹം കോടതിയിലുണ്ടെന്ന് പോലും ഭാവിക്കാതെ നിശബ്ദം ഇരിക്കുന്ന കാഴ്ചയാണ് ഇന്നും ഇന്നലെയും കണ്ടത്.
വേടനെതിരെ രണ്ടു പരാതിക്കാർ കൂടി രംഗത്ത് വന്നതും, ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതും, അവ ഡിജിപിക്ക് കൈമാറിയതും ആദ്യകേസിലെ പരാതിക്കാരി ഇന്ന് കോടതിയിൽ ഉന്നയിച്ചു. കൂടാതെ വേടനെതിരെ മുൻപ് ഉണ്ടായ ആരോപണങ്ങളും, കേസുകളും കോടതിയെ ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇക്കാര്യങ്ങൾ ആധികാരികമായി കോടതിയെ അറിയിക്കാൻ ചുമതലയുള്ള സർക്കാർ അഭിഭാഷകൻ ഈ സമയത്തൊന്നും എഴുന്നേറ്റത് പോലുമില്ല. മുൻനിരയിൽ ഇരുന്നു എന്നല്ലാതെ, ഇതിലൊന്നും തനിക്കൊന്നും ചെയ്യാനില്ല എന്ന മട്ടിൽ തുടർന്നു. പരാതിക്കാരിയുടെ അഭിഭാഷക ഈ മൗനം പരാമർശിച്ചിട്ട് പോലും അദ്ദേഹം വായ തുറന്നില്ല.
ഏതാണ്ട് നാലേമുക്കാലോടെ, ഇന്നും വാദം പൂർത്തിയാകില്ലെന്ന് ഉറപ്പായപ്പോൾ, തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം അഭ്യർത്ഥിച്ചു. കോടതി അത് സർക്കാർ അഭിഭാഷകനെ അറിയിച്ചു, Prosecutor, don’t arrest in the meantime.. Don’t arrest when the matter is being heard, എന്നാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിർദേശിച്ചത്. ഇത് കേട്ടതും Yes Sir Yes sir പറഞ്ഞൊന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു അദ്ദേഹം…. ഇക്കഴിഞ്ഞ 31ന് ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുത്ത ശേഷം ഇതുവരെയും അറസ്റ്റിന് ഒരു തടസവും ഇല്ലാതിരുന്നിട്ടും പ്രതിയെ സംരക്ഷിച്ചത് പൊലീസിൻ്റെ മാത്രം താൽപര്യമല്ല എന്നുകൂടിയാണ് പ്രോസിക്യൂഷൻ്റെ ഈ മൗനത്തിലൂടെ വ്യക്തമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here