വേടനെ അറസ്റ്റ് ചെയ്യേണ്ട ഗതികേടിൽ പോലീസെത്തി !! ബോൾഗാട്ടി പരിപാടി റദ്ദാക്കി സംഘാടകർ

ബലാത്സംഗകേസിൽ പ്രതിയായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായ റാപ്പർ വേടൻ്റെ സംഗീത പരിപാടികൾ റദ്ദാക്കപ്പെടുന്ന സ്ഥിതിയായി. കൊച്ചി ബോൾഗാട്ടിയിൽ മറ്റന്നാൾ നടക്കേണ്ടിയിരുന്ന പരിപാടി ഒഴിവാക്കി. അവിചാരിതമായ കാരണങ്ങളാൽ മറ്റൊരു തീയതിയിലേക്ക് മാറ്റിയെന്നാണ് സംഘാടകരായ ‘ഓളം ലൈവ്’ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
തീയതി മാറ്റിയെന്ന് മാത്രമാണ് അറിയിച്ചത് എങ്കിലും പരിപാടി എന്ന് നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. ടിക്കറ്റ് റീഫണ്ട് വേണ്ടവർക്ക് അത് നൽകുമെന്ന് അറിയിക്കുന്നുണ്ട്. അല്ലാത്തവർക്ക് അടുത്ത തീയതിയിൽ ഇതേ ബുക്കിംഗ് തുടരും എന്നും സംഘാടകർ അറിയിക്കുന്നു. ഈയാഴ്ച അവസാനത്തോടെ കൃത്യം വിവരങ്ങൾ അറിയിക്കുമെന്നും ‘ഓളം’ അനൗൺസ് ചെയ്തിട്ടുണ്ട്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇക്കഴിഞ്ഞ 31നാണ് തൃക്കാക്കര പോലീസ് വേടനെതിരേ കേസ് എടുത്തത്. മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിനോട് വിശദീകരണം ചോദിച്ച് മാറ്റിവച്ചു. എന്നിട്ടും അറസ്റ്റിന് പോലീസ് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ല. ഒളിവിലാണെന്ന് മാധ്യമങ്ങൾക്ക് വിവരം നൽകി കൈകഴുകി.
Also Read: വേട്ടക്കാരനൊപ്പമോ സിപിഎമ്മും കോൺഗ്രസും; പീഡനകേസിൽ പ്രതിയായിട്ടും അറിഞ്ഞ മട്ടില്ല
എന്നാൽ മുൻകൂട്ടി അനൗൺസ് ചെയ്ത് നടത്തുന്ന പരിപാടിക്ക് പ്രതി എത്തിയിട്ട് അറസ്റ്റ് ചെയ്തില്ലെങ്കിൽ വൻ ബാധ്യതയാകുമെന്ന തിരിച്ചറിവിൽ പോലീസ് എത്തിയതോടെ സംഘാടകർക്കും മറ്റു വഴിയില്ലാതായി. പോലീസ് ഇത് അറിയിച്ചതോടെ ആണ് രാത്രി വൈകി പ്രഖ്യാപനം നടത്താൻ നിർബന്ധിതരായത്. വേടൻ്റെ കേസ് ഉണ്ടായത് മുതൽ പരിപാടി നടക്കുമോയെന്ന് പലരും സംശയം ഉന്നയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here