പീഡനക്കേസിൽ ഒളിവിൽപോയ വേടന് തിരിച്ചുവരാൻ വേദിയൊരുക്കി സിപിഎം എംഎൽഎ; റാപ്പർ ഇന്ന് പൊലീസിന് മുന്നിൽ

ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം റാപ്പർ വേടൻ എന്ന് ഹിരൺദാസ് മുരളി ആദ്യമായി പ്രത്യക്ഷപ്പെട്ടത് കോന്നിയിൽ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ‘കരിയാട്ടം 2025’ പരിപാടിയുടെ വേദിയിലാണ് വേടൻ വീണ്ടും പാടിയത്. ജൂലൈ 30ന് വനിതാ ഡോക്ടർ നൽകിയ ബലാൽസംഗ പരാതിയിൽ കേസെടുത്തതോടെ ഒളിവിൽ പോയ റാപ്പർക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഓണപരിപാടികൾ അടക്കം ഒന്നിലും പങ്കെടുക്കാൻ കഴിഞ്ഞില്ല. മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് ഇന്നലെ വൈകിട്ട് തിരിച്ചുവരവ് ഗംഭീരമാക്കാൻ സിപിഎം എംഎൽഎ തന്നെ സാംസ്കാരിക വേദിയൊരുക്കിയ്.
Also Read : വേടൻ പരാതിക്കാരിയൊത്തുള്ള ഫോട്ടോകൾ ഹൈക്കോടതിയിൽ… മുൻകൂർ ജാമ്യത്തിൽ ഉത്തരവ് നീട്ടി; വാദം പൂർത്തിയായി
ഇക്കഴിഞ്ഞ മെയ് മാസത്തിൽ രണ്ടാം കഞ്ചാവുകേസിൽ പ്രതിയാതിന് പിന്നാലെയാണ് വേടനെ സർക്കാരും സിപിഎമ്മും ഏറ്റെടുത്തത്. ആ കേസിൽ നടത്തിയ കുറ്റസമ്മതം ആഘോഷിക്കപ്പെടുകയും പിന്നീട് സർക്കാർ തന്നെ മുൻകൈയ്യെടുത്ത് വിവിധ വേദികളിലേക്ക് ആനയിക്കുകയും ചെയ്തു. പാലക്കാട്ട് മുഖ്യമന്ത്രി തന്നെ പ്രതിക്ക് കൈകൊടുക്കുന്ന കാഴ്ചയും കേരളം കണ്ടു. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രിമാരും വേടന് പിന്തുണ അറിയിച്ചു. ബലാൽസംഗ കേസിൽപെട്ട് ഒളിവിൽപോയപ്പോൾ പോലും മന്ത്രി ഒ ആർ കേളു പ്രതിയെ അനുകൂലിച്ച് സംസാരിച്ചു. പ്രതിക്ക് സർക്കാർ പിന്തുണയുണ്ടെന്നും ഒളിവിൽ കഴിയുന്നത് പോലീസ് ഒത്താശയോടെ ആണെന്നും ആരോപണങ്ങൾ ഉയർന്നത് ഈ സാഹചര്യത്തിലാണ്.
Also Read : വേടൻ്റെ കാര്യത്തിൽ പൊലീസിൻ്റെ അതേ മൗനം ഹൈക്കോടതിയിൽ സർക്കാരിനും!! മുൻകൂർ ജാമ്യ വാദത്തിനിടെ കോട്ടുവായിട്ടുപോലും ശബ്ദിക്കാതെ ജി.പി.
വേടനെതിരെ പരാതി നൽകിയ യുവതികൾ നേരിട്ട ക്രൂരതകൾ അവർ തുറന്നു പറഞ്ഞത് മാധ്യമ സിൻഡിക്കറ്റ് ആണ് പുറത്തുകൊണ്ടുവന്നത്. എന്നാൽ താനെവിടെയും ഒളിവിൽ പോയിട്ടില്ലെന്ന് ഇന്നലെ കോന്നിയിലെ പരിപാടിക്കിടെ വേടൻ അവകാശപ്പെട്ടു. ജനങ്ങൾക്കിടയിൽ ജീവിച്ചുമരിക്കാൻ ആണ് തീരുമാനം എന്നാണ് പീഡനക്കേസ് പ്രതിയുടെ ഭാഷ്യം. ഇതിനെല്ലാം വേദി ലഭിച്ചതാകട്ടെ, വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ സിപിഎം എംഎൽഎ ഒരുക്കിയ വേദിയിലും. ഇതിനുശേഷമാണ് ബലാത്സംഗ കേസിൽ ആദ്യ ചോദ്യംചെയ്യലിനായി വേടൻ ഇന്ന് രാവിലെ കൊച്ചിയിൽ എത്തിയത്. തൃക്കാക്കര പൊലീസിൽ ഹാജരായ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here