ലാവലിന്‍ പോലെ മാസപ്പടി കേസും; കേന്ദ്ര ഏജന്‍സിയുടെ അഭിഭാഷകര്‍ ഹാജരായില്ല; പരിഗണിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി കേസ് മാറ്റിവച്ച് ദില്ലി ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തിന് എതിരെ സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയിലെ അന്തിമവാദമാണ് മാറ്റിയത്. എസ്എഫ്‌ഐഒയുടേയും കേന്ദ്രസര്‍ക്കാരിന്റേയും അഭിഭാഷകര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിയത്. അടുത്ത വര്‍ഷം ജനുവരി 13നാകും ഈ കേസ് ഇനി പരിഗണിക്കുക.

സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സിഎംആര്‍എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പരിഹസിച്ചു. കഴിഞ്ഞ സെപ്തംബര്‍ പതിനാറിനാണ് കേസിലെ അന്തിമ വാദം ഇന്നും നാളെയുമായി നിശ്ചയിച്ചത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ റോസ്റ്റര്‍ മാറിയതോടെ ജസ്റ്റിസ് നീനു ബെന്‍സാലിന്റെ ബെഞ്ചിന് മുന്‍പാകെയാണ് കേസ് ലിസ്റ്റ് ചെയ്യുക ആയിരുന്നു.

മുഖ്യമന്ത്രിക്കെതിരായ ലാവ്‌ലിന്‍ കേസിലും സമാനമായ കാര്യമാണ് സുപ്രീംകോടതിയില്‍ നടക്കുന്നത്. ഹര്‍ജി പരിഗണിക്കുമ്പോള്‍ സിബിഐ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. സിപിഎം ബിജെപി ധാരണയാണ് ഇതിനു പിന്നില്‍ എന്ന് കോണ്‍ഗ്രസ്‌ പതിവായി ആരോപിക്കുന്നുണ്ട്. സമാനമായ സഹചര്യമാണ് മാസപ്പടി കേസിലും ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top