ശിവഗിരിയിൽ മുസ്ലിം പള്ളി ഉയർന്നേനെ; ശ്രീനാരായണ ഗുരുവിന്റെ ക്ഷണം സുഹൃത്തായ അസീസ് മുസ്ലിയാർ സ്വീകരിച്ചെങ്കിൽ……

വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിദ്വേഷ പരാമർശ വിവാദം നടക്കുന്നതിനിടെ ശ്രീനാരായണ ഗുരുവിന്റെ സുഹൃത്തായ നെടുങ്കണ്ടയിൽ അബ്ദുൾ അസീസ് മുസ്ലിയാരെ കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതി എഴുത്തുകാരൻ അശോകൻ ചരുവിൽ.
ശ്രീനാരായണഗുരുവിന് അസീസ് മുസ്ലിയാരുമായി ഉണ്ടായിരുന്ന അടുത്ത ആത്മബന്ധത്തെപ്പറ്റിയാണ് അശോകൻ ഫേസ്ബുക്കിൽ കുറിച്ചത്. മുസ്ലിയാരെ ഗുരു ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ശിവഗിരിയിൽ ഒരു മുസ്ലിം പള്ളി പണിയാമെന്ന് ശ്രീനാരായണഗുരു വാഗ്ദാനം നൽകിയിരുന്നു എന്നുമാണ് അശോകൻ ചെരുവിൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ക്ഷണം സ്വീകരിച്ച് അസീസ് മുസ്ലിയാർ ശിവഗിരിയിൽ എത്തിയിരുന്നെങ്കിൽ ഒരു മുസ്ലിം പള്ളി കൂടി ശാരദാമണ്ഡപത്തിനൊപ്പം തലയുയർത്തി നില്‍ക്കുമായിരുന്നുവെന്നും വൈക്കം സുകുമാരന്റെ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടുന്നു.
അശോകന്‍ ചരുവിൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്
നാരായണഗുരുവിന്റെ പ്രിയ സുഹൃത്തായിരുന്നു നെടുങ്ങണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാര്‍. അവധൂതകാലം മുതലേ ഗുരു അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു താമസിക്കാറുണ്ട്. പിന്നീട് ശിവഗിരിയിലും അവര്‍ സന്ധിക്കാറുണ്ട്.
ഒരിക്കല്‍ മുസലിയാരുടെ വീട്ടില്‍ ഗുരു ചെന്നപ്പോള്‍ രോഗം കൊണ്ട് അദ്ദേഹം തീരെ അവശനാണെന്ന് കണ്ടു. അദ്ദേഹത്തോട് വിശ്രമിക്കുവാന്‍ ഗുരു ആവശ്യപ്പെട്ടു.
മുസലിയാര്‍ പറഞ്ഞു: ഇവിടെയിങ്ങനെ കിടക്കുമ്പോള്‍ ഒരസൗകര്യം വായനക്കാണ്. ഇവിടെ പുസ്തകങ്ങള്‍ കാര്യമായിട്ടില്ല.
ഗുരു പറഞ്ഞു: ഗിവഗിരിയിലേക്ക് പോരൂ. അവിടെ താമസിക്കാം. അവിടെ ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്. സമാധാനമായി ഇരുന്നു വായിക്കാം.
മുസലിയാര്‍ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു.
ഗുരു തുടര്‍ന്നു: പ്രാര്‍ത്ഥനക്കു വേണ്ടി ശിവഗിരിയില്‍ ഒരു പള്ളി പണിഞ്ഞു തരാം. പോന്നോളൂ.
മുസലിയാര്‍ വീടുവിട്ടു നില്‍ക്കാന്‍ തയ്യാറായില്ല. അദ്ദേഹം അന്ന് ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ശാരദാമണ്ഡപത്തിനൊപ്പം ഒരു മുസ്ലിംപള്ളി കൂടി തലയുയര്‍ത്തി നില്‍ക്കുമായിരുന്നു.
(വിവരങ്ങള്‍ക്ക് വക്കം സുകുമാരന്റെ ലേഖനത്തോട് കടപ്പാട്)

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here