‘സതീശന്റേത് സവർണ മാടമ്പി മനോഭാവം, എസ്എൻഡിപിയെ അധിക്ഷേപിക്കുന്നു’; വീണ്ടും വെള്ളാപ്പള്ളി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് അധിക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നതെന്നും ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി തന്റെ ഫെയിസ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

വി.ഡി. സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മനോഭാവമാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. എല്ലാ മത-സാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും അധിക്ഷേപിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെയും പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും അറിവോടെയാണോ സതീശൻ ഇങ്ങനെ ചെയ്യുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read : സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ സുകുമാരൻ നായരും; കോൺഗ്രസിനുള്ളിലും പുകച്ചിൽ

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്ന സതീശൻ, എൻഎസ്എസ് ആസ്ഥാനത്തും സിറോ മലബാർ സഭയുടെ സിനഡ് നടന്നയിടത്തും രഹസ്യമായി എത്തിയെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിത്. ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ സ്വീകരിച്ച നിലപാടല്ല പുറത്ത് എസ്എൻഡിപിയോട് കാണിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്റെ പ്രീണന നയത്തിന്റെയും ഇരട്ടത്താപ്പിന്റെയും ഭാഗമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്എൻഡിപി യോഗത്തെ മാത്രമല്ല, ഗുരുദർശനങ്ങളെ കൂടിയാണ് സതീശൻ അധിക്ഷേപിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പറവൂരിലുൾപ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നുകൊണ്ടാണ് സതീശന്റെ നീക്കങ്ങൾ. കേരളത്തെ പഴയ ഉച്ചനീചത്വങ്ങളുടെ കാലത്തേക്ക് തിരികെ കൊണ്ടുപോകാനാണ് സതീശൻ ശ്രമിക്കുന്നതെന്നും ഫെയിസ് പോസ്റ്റിൽ അദ്ദേഹം ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top