മാധ്യമങ്ങളോട് കയര്‍ത്ത് വെള്ളാപ്പള്ളി; റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തട്ടി മാറ്റി; പ്രകോപനം മലപ്പുറം പരാമര്‍ശത്തിലെ ചോദ്യങ്ങളില്‍

മലപ്പുറം പരാമര്‍ശം സംബന്ധിച്ച് ചോദ്യങ്ങളില്‍ പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്ന വെള്ളാപ്പള്ളിയുടെ ആരോപണം സംബന്ധിച്ച ചോദ്യങ്ങളിലാണ് വെള്ളാപ്പള്ളി നടേശന്‍ ദേഷ്യപ്പെട്ടത്. ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടിമാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടത്. പിണറായി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തും എന്ന് പറഞ്ഞാണ് പ്രതികരണം തുടങ്ങിയത്. മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ചതില്‍ എന്താണ് തെറ്റ്. താന്‍ അയിത്ത ജാതിക്കാരന്‍ ആണോ. ഉയര്‍ന്ന ജാതിക്കാരന്‍ കയറിയെങ്കില്‍ നിങ്ങള്‍ പ്രശ്‌നമാക്കുമായിരുന്നോ എന്നും വെള്ളാപ്പൊള്ളി പറഞ്ഞു.
സിപിഐയെ രൂക്ഷമായി വിമര്‍ശിച്ചാണ് വെള്ളാപ്പളളി പ്രതികരിച്ചത്. സിപിഐ നേതാക്കള്‍ ചതിയന്‍ ചന്തുമാരാണ്. പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുകയാണ്. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണ്. അല്ലാതെ പുറത്തല്ലെന്നും പറഞ്ഞു. പിന്നാലെയാണ് മലപ്പുറം പരാമര്‍ശം സംബന്ധിച്ച് ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്.
മലപ്പുറത്ത് സ്‌കൂളുകള്‍ തുടങ്ങാന്‍ അവസരം തരുന്നില്ല എന്ന് പറഞ്ഞില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് സത്യമല്ലേ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. മലബാറിലെ മൂന്ന് ജില്ലകളില്‍ ഞങ്ങള്‍ക്ക് എന്തുണ്ട്. മലപ്പുറത്തുണ്ടോ വയനാട്ടിലുണ്ടോ കാസര്‍കോടുണ്ടോ. ഈ മൂന്നുജില്ലകളിലും ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല. ഇതൊന്നു താന്‍ പറഞ്ഞുപോയി. അതെന്താ സ്ഥലം കിട്ടുന്നില്ലേ എന്ന ചോദ്യത്തിന്- അതെല്ലാം ഉണ്ട്. അനുവാദം കിട്ടണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആരുടെ അനുവാദം എന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരല്ലേ എന്ന് ചോദിച്ചപ്പോള്‍- ഇപ്പോഴത്തേത് അല്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇക്കഴിഞ്ഞ ഒന്‍പതുവര്‍ഷം ശ്രമിച്ചുനോക്കിയില്ലേ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചതോടെ- അന്ന് ഞങ്ങള്‍.. എന്ന് പറഞ്ഞുതുടങ്ങിയ വെള്ളാപ്പള്ളി വേഗത്തില്‍ പ്രകോപിതനായി.
കുറേനാളായി നിങ്ങള്‍ തുടങ്ങിയിട്ട് എന്നു പറഞ്ഞ് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തട്ടിമാറ്റി. മൈക്ക് പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രംഗം ശാന്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here