ക്രൈസ്തവസംരക്ഷകനായി വെള്ളാപ്പള്ളി!! മൂന്നു ക്രിസ്ത്യാനികളെ മന്ത്രിമാരാക്കിയിട്ട് ബിജെപിക്ക് എന്തുകിട്ടിയെന്ന് ചോദ്യവും

നേരത്തെ താൻ മുന്നോട്ടുവെച്ച ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യത്തിൽ മാറ്റം വരുത്തിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘നായാടി മുതൽ നസ്രാണി വരെ’ എന്ന ശൈലിയായിരിക്കും ഇനി സ്വീകരിക്കുക. ക്രൈസ്തവർ ഇന്ന് വലിയ ഭയപ്പാടിലാണ് ജീവിക്കുന്നതെന്നും അവർക്ക് പുറത്ത് പറയുന്നില്ല എന്നേയുള്ളൂ എന്നും അവരിൽ പലരും തന്നോട് അത് തുറന്നു പറയുന്നുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
ക്രൈസ്തവരെ ചേർത്തുനിർത്താൻ ബി.ജെ.പി. ശ്രമിച്ചിട്ട് എന്തായെന്ന് ഒരു ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി മറുചോദ്യം ഉന്നയിച്ചു. “അവർ മൂന്ന് ക്രിസ്ത്യാനികളെ മന്ത്രിയാക്കി. ആദ്യം പിസി തോമസ്, പിന്നെ അൽഫോൻസ് കണ്ണന്താനം, ഒടുവിൽ ഇപ്പോഴൊരാള്… എന്തു റിസൾട്ട് കിട്ടി? ഇപ്പോതന്നെ, എൻ്റെ സുഹൃത്ത് ആൻ്റണിയുടെ മകൻ അതിൽ ചേർന്നിട്ടുണ്ട്. ക്രിസ്ത്യാനികൾ പലരും ചേർന്നെങ്കിലും ആ വിഭാഗത്തെ നയിക്കുന്നത് മതനേതാക്കളാണ്. അത് നമ്മൾ ഒളിച്ചുവച്ചിട്ട് കാര്യമില്ല. അവരിത് വരെ തുറന്ന മനസോടെ ബിജെപിയുമായി ചേർന്നിട്ടില്ല എന്നത് നേര് തന്നെയാണ്. ചേരണമെങ്കിൽ അവർക്ക് ചില പ്രശ്നങ്ങളുണ്ട്. ഇപ്പുറത്ത് അവര് ഭയപ്പെടുന്നുണ്ട്, അപ്പുറത്ത് നിന്നവർക്ക് അതിന് തക്ക ഉറപ്പു കിട്ടുന്നുമില്ല. അവർ ത്രിശങ്കു സ്വർഗത്തിലാണ്. അവരെ സംരക്ഷിക്കുന്ന തീരുമാനം ആരിൽ നിന്നുണ്ടായാലും അവർ സ്വാഗതം ചെയ്യും.”
Also Read: വെള്ളാപ്പള്ളിയെ തോളിലേറ്റിയത് സിപിഎമ്മിന് വിനയായി; വർഗീയ വിഷം ചീറ്റലിന് ഒത്താശ നൽകിയത് തിരിച്ചടി
കത്തോലിക്കാ സഭയുടെ മെത്രാന്മാരുമായി ഇക്കാര്യം സംസാരിക്കുമോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ മറുപടി, അതിന് തനിക്ക് പോകേണ്ട കാര്യമില്ല എന്നായിരുന്നു. “താനൊരു രാഷ്ട്രീയക്കാരനല്ല, തൻ്റെ കൂടെ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്, എസ്.എൻ.ഡി.പിയിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്, അതുകൊണ്ട് ഇതിലൊരു ഐക്യമുണ്ടാക്കി വോട്ടു വാങ്ങിച്ച് കൊടുക്കാനോ സ്ഥാനാർത്ഥിയായി നിൽക്കാനോ താൻ പോകുന്നില്ല. ഞാനെൻ്റെ സമുദായത്തിൻ്റെ ആശയാഭിപ്രായങ്ങൾ പറയും. അതോടൊപ്പം തന്നെ ഞാനൊരു പാർട്ടിയുടെയും വാലായോ ചൂലായോ നിൽക്കുന്നുമില്ല”, വെള്ളാപ്പള്ളി വിശദീകരിക്കാൻ ശ്രമിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here