പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; സിപി രാധാകൃഷ്ണന് സാധ്യത; ആദ്യ വോട്ടറായി പ്രധാനമന്ത്രി മോദി

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി (Vice President) തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാവും ആദ്യ വോട്ട് രേഖപ്പെടുത്തിയതോടെയാണ് പോളിങ്ങ് ആരംഭിച്ചത്. വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ നടക്കും.ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഭരണകക്ഷിയായ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണ്‍ സിപി രാധാകൃഷ്ണനും പ്രതിപക്ഷ മുന്നണിക്കു വേണ്ടി സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയുമാണ് സ്ഥാനാര്‍ത്ഥികള്‍.

ഭരണഘടന പ്രകാരം രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പദവിയാണ് ഉപരാഷ്ട്രപതിയുടേത്. ഇന്ത്യ റിപ്പബ്ലിക് ആയ ശേഷമുള്ള പതിനഞ്ചാമത്തെ ഉപരാഷ്ട്രപതിക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. 239 രാജ്യസഭാ എംപിമാരും 542 ലോക്‌സഭാ എംപിമാരും ഉള്‍പ്പെടെ ആകെ 781 പേര്‍ക്കാണ് വോട്ട് ചെയ്യാനാവുന്നത്.

രാജ്യസഭയില്‍ ഏഴ് അംഗങ്ങളുള്ള ബിജെഡിയും, നാല് അംഗങ്ങളുള്ള ബിആര്‍എസും, പഞ്ചാബിലെ ശിരോമണി അകാലിദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ അംഗബലം അനുസരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് 432 വോട്ടും സുദര്‍ശന്‍ റെഡ്ഡിക്കു 324 വോട്ടും ലഭിക്കാനാണ് സാധ്യത. സ്വതന്ത്രരായ അംഗങ്ങള്‍ നിലപാട് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 2022ല്‍ നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍കറിന് 346 വോട്ട് ലഭിച്ചിരുന്നു. ഇത് റെക്കോര്‍ഡാണ്. 2022 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 15 വോട്ടുകള്‍ അസാധുവായിട്ടുണ്ട്. ഇത്തവണ എംപിമാര്‍ക്കായി രണ്ട് ദിവസം മോക്ക് പോളിംഗ് ഇരു മുന്നണികളും നടത്തിയിരുന്നു.

രണ്ട് മുന്നണികളും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിലെ വസുധ എന്ന മുറിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യത്തെ ഉപരാഷ്ട്രപതിയായ ഡോ എസ് രാധാകൃഷ്ണനും 12 മത്തെ ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരിയും 10 വര്‍ഷം പദവി അലങ്കരിച്ചവരാണ്. വൈസ് പ്രസിഡന്റായിരുന്ന ആറ് പേര്‍ പിന്നീട് രാഷ്ട്രപതിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top