കൊക്കക്കോളക്കെതിരെ വി എസ്; ആഗോള കോർപ്പറേറ്റ് ഭീമനെ മുട്ട്കുത്തിച്ച പ്ലാച്ചിമട സമരം

പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ കൊക്കക്കോള കമ്പനിക്കെതിരെ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ അസാധാരണമായതായിരുന്നു. പ്ലാച്ചിമടയിലെ പാരിസ്ഥിതിക പ്രശ്നത്തിൽ നീതിയുടെ ഭാഗത്തുനിന്നുകൊണ്ട് വിഎസ് വിജയം കാണുന്നത് വരെ പോരാട്ടം നടത്തി. ഏക്കറു കണക്കിന് കൃഷിഭൂമി തരിശുഭൂമിയാക്കിയ കൊക്കക്കോള കമ്പനിക്കെതിരെ വി.എസ് സന്ധിയില്ലാത്ത പോരാട്ടമാണ് നടത്തിയത്.
2002 നവംബറിലാണ് കൊക്കക്കോളക്കെതിരെ വിഎസ് പോരാട്ടമാരംഭിക്കുന്നത്. പ്ലാച്ചിമടയിൽ കമ്പനി നടത്തുന്ന ജല ചൂഷണത്തിനെതിരെ നാട്ടുകാർ വളരെ മുൻപേ സമരം ആരംഭിച്ചിരുന്നു. എ.കെ. ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവായിരുന്ന വിഎസ് സമരഭൂമി സന്ദർശിച്ചതോടെ കൊക്കക്കോള സമരത്തിന് പുതിയ മാനം ലഭിച്ചു. പ്ലാച്ചിമടയിൽ എത്തിയ വിഎസ് കൊക്കക്കോള കമ്പനിയുടെ പ്ലാന്റും പ്രദേശവും വിശദമായി നിരീക്ഷിച്ച് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ നേരിട്ട് കേട്ടറിഞ്ഞു. കമ്പനി നടത്തുന്ന ജലചൂഷണം ഉടൻ നിർത്തിവക്കണമെന്ന് സർക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
Also Read : വിഎസ് പന്തല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയതെന്തിന്? 2002ലെ രാഷ്ട്രീയ കോളിളക്കം…
കൊക്കക്കോള കമ്പനി നടത്തുന്ന അമിത ജലചൂഷണം പ്രദേശത്തെ കൃഷിഭൂമിയെ തരിശുഭൂമിയായി മാറ്റുമെന്ന് വിഎസ് പ്രസംഗിച്ചിരുന്നു. കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസികളും പരിസ്ഥിതി സംഘടനകളും ശക്തമായി രംഗത്തുവന്നിരുന്നു. തുടർന്ന് പൊതുജനതാൽപര്യം കണക്കിലെടുത്ത് പെരുമാട്ടി പഞ്ചായത്ത് 2003 മേയ് 17 മുതൽ പ്രവർത്തനം നിർത്തിവെക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചു. കേസിൽ 2003 ഡിസംബർ 16ന് വിധി പ്രഖ്യാപിച്ച കോടതി ഒരു മാസത്തിനകം ഭൂഗർഭജലചൂഷണം അവസാനിപ്പിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു.
വിഎസിന്റെ ഇടപെടലുകൾ സമരത്തെ കൂടുതൽ ജനകീയമാക്കി കോള കമ്പനികൾ വെള്ളത്തിൽ വിഷം കലർത്തുന്ന കശാപ്പുകാർ എന്നാണ് വിഎസ് പ്ലാച്ചിമടയിൽ നടന്ന യോഗത്തിൽ കമ്പനിക്കെതിരെ പ്രസംഗിച്ചത്. 2017-ൽ, പ്ലാച്ചിമടയിലെ കൊക്കകോള ബോട്ടിലിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട എല്ലാ അപ്പീലുകളും സുപ്രീം കോടതി തള്ളിക്കളഞ്ഞു. എന്നാൽ അവിടെ പ്രവർത്തനം പുനരാരംഭിക്കാൻ പദ്ധതിയില്ലെന്ന നിലപാടിലാണ് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here