മണപ്പാട്ട് ഫൗണ്ടേഷൻ വഴിയുള്ള ഫണ്ടിങ് വി ഡി സതീശന് കുരുക്കാകുമോ; പുനർജ്ജനിയിൽ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതൃത്വം നൽകുന്ന പുനർജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. പദ്ധതിയുടെ ഭാഗമായി വിദേശരാജ്യങ്ങളിൽ നിന്ന് അനധികൃതമായി ഫണ്ട് ശേഖരിച്ചതിലും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിലും കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

2018-ലെ പ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് ‘പുനർജ്ജനി’. ഇതിനായി വിദേശരാജ്യങ്ങളിൽ നിന്ന് സതീശൻ നേരിട്ട് ഫണ്ട് ശേഖരിച്ചതായും ഇതിൽ വലിയ രീതിയിലുള്ള വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നതായും പരാതി ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ മുൻകൂർ അനുമതിയില്ലാതെ വിദേശത്ത് പോയി പണം പിരിച്ചത് ചട്ടലംഘനമാണെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.

Also Read : 2026ൽ യുഡിഎഫ് അധികാരത്തിൽ വരും; പെൻഷൻ വർധനവ് തിരഞ്ഞെടുപ്പ് തട്ടിപ്പ്; വിമർശനവുമായി വി ഡി സതീശൻ

ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും സന്ദർശനം നടത്തി വി ഡി സതീശൻ നേരിട്ട് പണം പിരിച്ചതിന് തെളിവുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. പിരിച്ചെടുത്ത തുകയും പദ്ധതിക്കായി ചിലവഴിച്ച തുകയും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
വിദേശ ഫണ്ട് ഉൾപ്പെട്ട കേസായതിനാലും എഫ് സി ആർ എ ലംഘനം നടന്നതിനാലും സംസ്ഥാന വിജിലൻസിന് പരിമിതികളുണ്ടെന്നും അതിനാൽ സി ബി ഐ അന്വേഷണം തന്നെ വേണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

വി ഡി സതീശന്റെ നേതൃത്വത്തിൽ പറവൂരിൽ നടപ്പിലാക്കിയ ‘പുനർജ്ജനി’ പദ്ധതിക്കായി പണം സമാഹരിച്ചത് മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സംഘടന വഴിയാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിദേശത്തുനിന്ന് പണം സ്വീകരിക്കാൻ ഈ ഫൗണ്ടേഷനെയാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. യുകെയിൽ നിന്ന് ഏകദേശം 22,500 പൗണ്ട് (ഏകദേശം 20 ലക്ഷം രൂപ) വിവിധ വ്യക്തികളിൽ നിന്ന് സമാഹരിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് ഈ തുക മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് എത്തിയത്. യുകെയിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ വെച്ച്, പ്രളയബാധിതരായ സ്ത്രീകൾക്ക് നെയ്ത്തു യന്ത്രങ്ങൾ വാങ്ങാൻ 500 പൗണ്ട് വീതം സഹായം നൽകണമെന്ന് വി ഡി സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വിജിലൻസ് പരിശോധിച്ചിട്ടുണ്ട്. ഇത് വിദേശത്തുനിന്ന് നേരിട്ട് പണപ്പിരിവ് നടത്തിയതിന് തെളിവായി വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top