വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു..

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ കരൂരിൽ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ നടത്തിയ സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിലാണ് സിബിഐ വിജയിയെ ചോദ്യം ചെയ്യുന്നത്. ഇന്ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് അദ്ദേഹം ഹാജരായത്.
നിശ്ചയിച്ച സമയത്തേക്കാൾ വൈകി വിജയ് സമ്മേളന സ്ഥലത്തെത്തിയത് തിരക്ക് വർദ്ധിപ്പിക്കാൻ കാരണമായോ എന്ന് സിബിഐ പരിശോധിക്കുന്നുണ്ട്. തിരക്കിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും സമ്മേളന നഗരിയിലെ പരിമിതമായ സൗകര്യങ്ങളെക്കുറിച്ചും എത്തുന്ന ജനക്കൂട്ടത്തിന്റെ എണ്ണത്തെക്കുറിച്ചും വിജയിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ സിബിഐ പരിശോധിക്കും.
തിരക്കിനിടയിൽ ഒരു കുട്ടിയെ കാണാതായെന്ന അറിയിപ്പിനെത്തുടർന്നുണ്ടായ ബഹളത്തെക്കുറിച്ച് വിജയ് അറിഞ്ഞിരുന്നോ എന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയത് വിജയിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നും സിബിഐ അന്വേഷിക്കും. കൂടാതെ അപകടകരമായ സാഹചര്യം നിലനിൽക്കെ എന്തുകൊണ്ട് വിജയ് വേദിയിൽ നിന്ന് മടങ്ങി എന്നും പരിശോധിക്കും.
2025 സെപ്റ്റംബർ 27ന് കരൂർ-ഈറോഡ് ഹൈവേയിലെ വേലുസാമിപുരത്താണ് ദുരന്തമുണ്ടായത്. 9 കുട്ടികളും 18 സ്ത്രീകളും ഉൾപ്പെടെ 41 പേരാണ് അന്ന് മരിച്ചത്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ച് ഒക്ടോബറിലാണ് സുപ്രീം കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here