വിജയ് ആരാധകർക്ക് നിരാശ! ‘ജനനായകൻ’ റിലീസ് ജനുവരി 21 വരെ തടഞ്ഞ് ഹൈക്കോടതി

തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ സിനിമയുടെ റിലീസ് വീണ്ടും വൈകും. ചിത്രത്തിന് ‘യു/എ’ (UA) സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഇനി ജനുവരി 21ന് മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. ഇതോടെ ചിത്രത്തിന്റെ പൊങ്കൽ റിലീസ് അനിശ്ചിതത്വത്തിലായി.
സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയാൽ സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഇന്ന് രാവിലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സിനിമയ്ക്കെതിരെ പരാതി കിട്ടുമ്പോഴേക്കും നടപടിയെടുക്കുന്ന സെൻസർ ബോർഡിന്റെ രീതി ശരിയല്ലെന്നും കോടതി വിമർശിച്ചു.
എന്നാൽ ഈ ഉത്തരവിനെതിരെ സെൻസർ ബോർഡ് ഉടൻ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. സൈനിക ചിഹ്നങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് വിദഗ്ധർക്ക് പരിശോധിക്കണമെന്നുമാണ് ബോർഡിന്റെ വാദം. ഇത് പരിഗണിച്ചാണ് കോടതി റിലീസ് തടഞ്ഞത്. ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. അമേരിക്ക, കാനഡ, മലേഷ്യ തുടങ്ങി വിദേശ രാജ്യങ്ങളിലും വലിയ റിലീസ് പ്ലാൻ ചെയ്തിരുന്നു.
ചില കാരണങ്ങളാൽ സിനിമ മാറ്റിവെക്കുകയാണെന്നും പുതിയ തീയതി ഉടൻ അറിയിക്കുമെന്നും കെവിഎൻ (KVN) പ്രൊഡക്ഷൻസ് അറിയിച്ചു. ആരാധകരുടെ കാത്തിരിപ്പും വികാരങ്ങളും മനസ്സിലാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ആരാധകർ കാണുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here