ഇന്ന് വിജയ്, അന്ന് ജയലളിത; കരൂർ ദുരന്തം മഹാമഹം ദുരന്തത്തിന് സമാനം

‘നിങ്ങളുടെ വിജയ് ഇതാ വരുന്നു’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ ആദ്യ സംസ്ഥാന പര്യടനത്തിനിടെ നടന്ന ദുരന്തത്തിന്റെ കരളലിയിക്കുന്ന വാർത്തകളാണ് കരൂറിൽ നിന്ന് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

ഇളയദളപതി വിജയിയെ കാണാനായി രാവിലെ മുതൽ തന്നെ ആളുകൾ തെരുവോരങ്ങളിൽ തമ്പടിച്ചിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും ആൾക്കൂട്ടം പ്രതീക്ഷിച്ചതിലും അധികമായി. വിജയ് കരൂർ എത്തിയപ്പോഴേക്കും സമയം രാത്രിയായിരുന്നു.

Also Read : ഇളയ ദളപതി ജനങ്ങൾക്കിടയിലേക്ക്; വിജയ് സ്റ്റാലിന് വെല്ലുവിളിയോ?

ബസ്സിൽ നിന്നും പുറത്തിറങ്ങി വിജയ് തന്നെ കാണാനായി തടിച്ചുകൂടിയിരിക്കുന്ന ജനാവലിയോട് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും ആൾക്കൂട്ടത്തിനിടയിൽ നിന്നും നിലവിളികൾ ഉയർന്നു തുടങ്ങിയിരുന്നു. സംഭവം വഷളായതോടെ വിജയ് സംഭവ സ്ഥലത്ത് നിന്ന് മാറി.

തിക്കിലും തിരക്കിലും പെട്ട് 40 പേർ മരണപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേറ്റു. മരണപ്പെട്ടവർക്ക് 20 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവും നഷ്ടപരിഹാരവുമായി വിജയ് പ്രഖ്യാപിച്ചു. ഇത് ആദ്യമായല്ല തമിഴ്നാട്ടിൽ ഇത്തരമൊരു സംഭവം. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാനായി ആൾക്കൂട്ടം പാഞ്ഞെത്തുകയും തുടർന്നുണ്ടാകുന്ന തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരണപ്പെടുകയും ചെയ്ത സംഭവം തമിഴ്നാട്ടിൽ ഇതിനു മുൻപ് ഉണ്ടായത് 1992ലാണ്.

Also Read : രക്ഷകനാകാതെ വിജയ്; ദുരന്ത ഭൂമിയിൽ നിന്ന് മിണ്ടാതെ തടി തപ്പിയെന്ന് ആരോപണം

തമിഴകത്ത് ഭരണം നടത്തുന്നത് പുരച്ചി തലൈവി ജയലളിത. 1992 ഫെബ്രുവരി 18ന് കുംഭകോണം പട്ടണത്തിൽ വലിയൊരു ഉത്സവം നടക്കുകയാണ്. അതിരാവിലെ മുതൽ തന്നെ മഹാമഹാം കുളത്തിന് ചുറ്റും ആളും ആർപ്പുവിളികളും. ഉച്ചയ്ക്ക് 12:15ഓടെ ജയലളിതയും തോഴി ശശികലയും കുളത്തിൽ പുണ്യ സ്നാനം നടത്താൻ എത്തി. അമ്മ ജയിലളിതയെ കാണാനായി മക്കൾ ഓടിക്കൂടി. തിരക്ക് ക്രമാതീതമായി. ഉത്സവത്തിന്റെ ആർപ്പുവിളികൾക്കും മേൽ നിലവിളി ശബ്ദങ്ങൾ മുഴങ്ങിക്കേട്ടു.

ഉടനടി സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രി ജയലളിതയെയും തൊഴിയേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ജയലളിത രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. സർക്കാർ ഉദ്യോഗസ്ഥർ, പൊലീസ്, മെഡിക്കൽ ടീമുകൾ എന്നിവരെ ദുരന്തസ്ഥലത്ത് നിയോഗിച്ച് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാൻ ജയലളിത നിർദേശം നൽകി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 1ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തമിഴ്നാട് ഭരണാധികാരി കൂടിയായിരുന്ന ജയലളിത വിഷയത്തെ തന്ത്രപൂർവ്വം കൈകാര്യം ചെയ്തു. ‘അപൂർവമായ ഒരു ദുരന്തം’ എന്നാണ് ജയലളിത സംഭവത്തെ വിശേഷിപ്പിച്ചത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും എന്നും ജയലളിത പറഞ്ഞു.

Also Read : ജയലളിതയുടെ സ്വത്ത് അനന്തരാവകാശികള്‍ക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സര്‍ക്കാരിന് കൈമാറണമെന്ന് കര്‍ണാടക ഹൈക്കോടതി

പക്ഷെ തമിഴ്മക്കൾ ആ ദുരന്തം മറന്നില്ല. ജനം വോട്ടിലൂടെ മറുപടി നൽകി. 1996-ലെ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വൻ പരാജയം നേരിട്ടു. മുഖ്യമന്ത്രി സ്ഥാനാർത്ഥി ജയലളിത തന്നെ പരാജയപ്പെട്ടു. ബർഗൂർ മണ്ഡലത്തിൽ ഡി.എം.കെ. സ്ഥാനാർത്ഥി ഇ.ജി. സുഗവനമാണ് ജയലളിതയെ പരാജയപ്പെടുത്തിയത്. ഭരണവിരുദ്ധ വികാരവും അഴിമതിയും ദുഷ്‌പെരുമാറ്റവുമൊക്കെ പരാജയ കാരണമായി ചൂണ്ടികാട്ടുന്നതോടൊപ്പം തന്നെ മഹാമഹാം ദുരന്തവും ജയലളിതയുടെ പരാജയത്തിന് കാരണമായി.

തമിഴ് രാഷ്ട്രീയത്തിലെ പുതു മുഖമായി ഉയർന്നുവന്ന വിജയുടെ അവസ്ഥയും സമാനമായിരിക്കുമോ എന്ന ആശങ്കയിലാണ് ടിവികെ നേതൃത്വം. തമിഴ്നാട്ടിൽ ഒരു ബദൽ ശക്തിയായി വിജയ് ഉയർന്നു വരികയായിരുന്നു. തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ ശക്തിയായി വളർന്നു വരാമെന്ന വിജയുടെ സ്വപ്നത്തിന് കരൂർ ദുരന്തം തിരിച്ചടിയാകുമോ എന്ന് കാത്തിരുന്നു കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top