വിജയ്‌യുടെ ഇൻഡോർ സംവാദ പരമ്പരയ്ക്ക് ഇന്ന് തുടക്കം; ലക്ഷ്യം 2026 നിയമസഭാ തിരഞ്ഞെടുപ്പ്

ടി വി കെ നേതാവും നടനുമായ വിജയ്, ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഇൻഡോർ പൊതുയോഗ പരമ്പരയ്ക്ക് ഇന്ന് തുടക്കം. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് ആദ്യ സംവാദ പരിപാടി. യോഗത്തിൽ 2000 പേർക്ക് മാത്രമാണ് പ്രവേശനം. പാർട്ടിയുടെ കർശന നിർദ്ദേശപ്രകാരം, ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ കോളേജ് കാമ്പസിലേക്ക് പ്രവേശനം ഉണ്ടാകൂ. ടിക്കറ്റില്ലാത്ത ആരും പരിപാടി നടക്കുന്ന സ്ഥലത്ത് എത്തരുതെന്ന് ടി വി കെ നേതാക്കൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനപങ്കാളിത്തം നിയന്ത്രിച്ചുകൊണ്ട് കൃത്യമായ സംഘടനാ സംവിധാനത്തോടെ പരിപാടികൾ നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കരൂരിൽ നടന്ന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ടി വി കെ വലിയ പൊതുയോഗങ്ങൾ ഒഴിവാക്കി ഇൻഡോർ സംവാദങ്ങളിലേക്ക് മാറിയത്. 2026-ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തുടനീളം പാർട്ടിയുടെ സംഘടനാ ശേഷി ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇൻഡോർ സംവാദ യോഗങ്ങൾ.
Also Read : വിജയ്‌യെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് താനെന്ന് കമല്‍ ഹാസന്‍; ‘അതു സംഭവിച്ചത് എന്റെ ഓഫീസില്‍ വച്ച്’
അതേസമയം, 2026ലെ തിരഞ്ഞെടുപ്പിൽ ടി വി കെ സഖ്യങ്ങളില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമോ അതോ മറ്റ് പാർട്ടികളുമായി കൈകോർക്കുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമാണ്. കെ സി വേണുഗോപാൽ വിജയുടെ ടി വി കെയുമായി സഖ്യത്തിന് വേണ്ടി വാദിക്കുന്നുവെന്ന പ്രചാരണമുണ്ട്. സഖ്യം കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് സഹായമാവുമെന്നാണ് കേരളത്തിലെ നേതാക്കളുടെ അഭിപ്രായം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here