കരൂരിലേക്ക് സിബിഐ വരുന്നു; വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും

41 പേരുടെ മരണത്തിനിടയാക്കിയ കരൂരിലെ റാലി ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് സിബിഐയെ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജയ് നടത്തിയ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളള്‍ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സിബിഐക്ക് വിട്ടത്.
ന്യായവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് വിദഗ്ധ സമിതിയുടെ മേല്‍നോട്ടവും കോടതി നിര്‍ദേശിച്ചു. റിട്ട. ജഡ്ജി അജയ് രസ്‌തോഗിക്കൊപ്പം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും സമിതിയില്‍ അംഗങ്ങളായിരിക്കും.
സിബിഐ അന്വേഷണം എന്ന ടിവികെയുടെ ആവശ്യത്തെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നല്ല രീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്റ്റാലിന്‍ സര്‍ക്കാര്‍ നിലപാട് എടുത്തു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
ദുരത്തിന് പിന്നാലെ ടിവികെയെയും വിജയ്യെയും മദ്രാസ് ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. മനുഷ്യ നിര്‍മിത ദുരന്തമാണുണ്ടായത്. അപകടമുണ്ടായപ്പോള്‍ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിജയ്യിന് നേതൃപാടവമില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനം അതിരു കടന്നതാണെന്ന് ടിവികെയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.സംഭവസ്ഥലത്ത് നിന്ന് പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പിന്മാറിയതെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. വിജയ്ക്ക് ആശ്വാസമാകുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here