ദുരന്തത്തില്‍ ടിവികെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന കരൂര്‍ എംഎല്‍എ; ഏത് പാര്‍ട്ടിയിലായാലും കിങ് മേക്കര്‍; അറിയാം സെന്തില്‍ ബാലാജിയെ

41 പേര്‍ മരിച്ച കരൂര്‍ ദുരന്തത്തില്‍ വിജയും ടിവികെയും ആദ്യം മുതല്‍ ആരോപണം ഉന്നയിക്കുന്നത് സെന്തില്‍ ബാലാജി എന്ന ഡിഎംകെ നേതാവിന് എതിരെയാണ്. സ്ഥലം എംഎല്‍എ ആയ സെന്തില്‍ ബാലാജി അറിയാതെ കരൂരില്‍ ഒരില പോലും ഇളകില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ടിവികെ ഈ ആരോപണം ആവര്‍ത്തിച്ച് ഉന്നയിക്കുന്നത്. ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പന്റെ ആത്മഹത്യ കുറിപ്പിലും സെന്തില്‍ ബാലാജിക്കെതിരെ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടികള്‍ മാറിയും തിരിഞ്ഞും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എല്ലാകാലത്തും സെന്തില്‍ ബാലാജിയുണ്ട്. എത് പാര്‍ട്ടിയില്‍ ആയാലും കരൂരിലെ എംഎല്‍എ സെന്തില്‍ തന്നെ ആയിരുന്നു. വൈക്കോയുടെ എംഡിഎകെയിലൂടെയാണ് സെന്തില്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. അവിടെ നിന്ന് ഡിഎംകെയിലേക്ക്. വളരെ വേഗം ഡിഎംകെ രാഷ്ട്രീയം അവസാനിപ്പിച്ച് ജയലളിതയുടെ സംരക്ഷണയിലേക്ക് മാറി. 2011- 2015 ലെ എഐഎഡിഎംകെ സര്‍ക്കാരില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായി.
ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ പിളര്‍ന്നപ്പോള്‍ ടിടിഎ ദിനകരന്റെ എഎംഎംകെയില്‍ ചേര്‍ന്നു. അവിടെ നിന്നിട്ട് ഗുണമില്ലെന്ന് വേഗത്തില്‍ മനസിലാക്കി 2018ല്‍ ഡിഎംകെയില്‍ മടങ്ങിയെത്തി. എംകെ സ്റ്റാലിന്‍ സര്‍ക്കാരില്‍ ഇലക്ട്രിസിറ്റി, എക്‌സൈസ് മന്ത്രിയായി. കരൂരിലെ വോട്ടുബാങ്കിന്റെ നിയന്ത്രണം സെന്തിലിന്റെ പക്കൽ സുരക്ഷിതമാണ്. ഗോപുതിമഗര്‍, കോണ്‍ഗു വെള്ളാര്‍, ദളിത് തുടങ്ങിയ ജാതി വിഭാഗങ്ങളില്‍ വന്‍ സ്വാധീനം. വ്യക്തിബന്ധവും വലുത്. അതുകൊണ്ട് തന്നെ തലൈവര്‍ എന്ന് കരൂരുകാര്‍ കാണുന്ന നേതാവാണ്. കരൂരിന്റെ ഓരോ വികസനത്തിലും ഒരു സെന്തില്‍ ടച്ചുണ്ടെന്ന് എതിരാളികളും സമ്മതിക്കും.

2011- 2015 ലെ എഐഎഡിഎംകെ സര്‍ക്കാരില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരിക്കെ ജോലിക്ക് പണം വാങ്ങിയെന്ന കേസ് സെന്തിലിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വെല്ലുവിളിയായി നിലവിലുണ്ട്. മന്ത്രിയായ സെന്തിലിനെ 2023 ജൂണ്‍ 14ന്, ഈ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 18 മണിക്കൂറോളം ചോദ്യം ചെയ്തശേഷം അറസ്റ്റ് ഉണ്ടായപ്പോൾ നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞതിനാൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നര മാസത്തോളം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിലായപ്പോൾ സെന്തിലിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സ്റ്റാലിന്‍ തയാറായില്ല. പിന്നീട് വലിയ വിമര്‍ശനം ഉണ്ടായപ്പോഴാണ് രാജി എഴുതിവാങ്ങിയത്. അത്രയ്ക്കുണ്ട് സ്വാധീനം.

സെന്തിലിന്റെ സമ്മര്‍ദ്ദത്തില്‍ റാലിക്ക് പോലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല എന്നാണ് ടിവികെ ആരോപിക്കുന്നത്. തങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ മൂര്‍ച്ച കുറയ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഈ ആരോപണം എന്ന് കരുതുന്നവരുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here