വിജയ്ക്ക് വീണ്ടും തിരിച്ചടി; പൊതുയോഗത്തിന് പോലീസ് അനുമതി നിഷേധിച്ചത് ഇതിനാൽ

തമിഴക വെട്രി കഴകം സേലത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗത്തിന് പോലീസ് അനുമതി നിഷേധിച്ചു. സേലത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുയോഗത്തിനാണ് പോലീസ് വിലക്കേർപ്പെടുത്തിയത്. സുരക്ഷാപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ പോലീസ് മേധാവി അപേക്ഷ തള്ളിയത്.
ഡിസംബർ 4-ന് പൊതുയോഗം സംഘടിപ്പിക്കാനായിരുന്നു ടി വി കെ അനുമതി തേടിയത്. സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർക്ക് ജീവൻ നഷ്ടമായതിനെ തുടർന്ന് രണ്ട് മാസത്തോളമായി നിർത്തിവച്ചിരുന്ന സംസ്ഥാനതല പരിപാടികൾ ടി വി കെ വീണ്ടും ആരംഭിക്കുന്നതിനിടെയാണ് ഈ തിരിച്ചടി. ഡിസംബർ 4-ലെ പൊതുയോഗത്തിന് പോലീസ് അനുമതി നിഷേധിച്ചത് പ്രധാനമായും രണ്ട് സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്താണ്.
Also Read : ‘ജനങ്ങൾ ഡിഎംകെയെ വീട്ടിലിരുത്തും’; തമിഴ്‌നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്
ഡിസംബർ 4 കാർത്തിക ദീപം ഉത്സവത്തിന്റെ തലേദിവസമാണ്. ഈ സമയത്ത് പൊതുസ്ഥലങ്ങളിൽ തിരക്ക് വർധിക്കാനും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷികം വരുന്നതിനാൽ സംസ്ഥാനത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, റാലിക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത് പ്രായോഗികമല്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ 6-ന് ശേഷം മറ്റൊരു തീയതി നിർദ്ദേശിക്കാൻ പോലീസ് ടി വി കെ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഹൈക്കമാൻഡുമായി ആലോചിച്ച ശേഷം ഡിസംബർ രണ്ടാം വാരത്തോടെ പുതിയ അപേക്ഷ നൽകാൻ ടി.വി.കെ ആലോചിക്കുന്നുണ്ട്. സേലം സെൻട്രൽ ജില്ലാ സെക്രട്ടറി തമിഴൻ എ പാർത്തിബനാണ് പൊതുയോഗത്തിനായി അപേക്ഷ നൽകിയത്. കരൂർ ദുരന്തത്തിന് ശേഷം വിജയ് പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്നതിനാൽ, ടി വി കെ. പ്രവർത്തകർക്ക് ഊർജ്ജം പകരാൻ ഈ റാലിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here