ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചാൽ ഊരുവിലക്ക്; കുടുംബങ്ങളെ ഒറ്റപ്പെടുത്താൻ ഗ്രാമക്കൂട്ടത്തിന്റെ വിചിത്ര തീരുമാനം

ഭരണഘടനാപരമായ അവകാശങ്ങൾ ഗ്രാമങ്ങളിൽ എത്രത്തോളം ലംഘിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ നിന്നും പുറത്തുവരുന്ന ഈ വാർത്ത കാണിച്ചുതരുന്നത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന കുട്ടികളുടെ കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്‌കരിക്കാൻ പഞ്ചേവ എന്ന ഗ്രാമം തീരുമാനിച്ചു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഗ്രാമത്തിലെ ഒരു യുവാവ് പരസ്യമായി വായിച്ച ‘ഗ്രാമ കല്പന’യിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്. ആൺകുട്ടിയോ പെൺകുട്ടിയോ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ അവരുടെ കുടുംബത്തിന് ഗ്രാമത്തിൽ ‘ഊരുവിലക്ക്’ ഏർപ്പെടുത്തും. ഇത്തരത്തിലുള്ള കുടുംബങ്ങൾക്ക് പാൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ നൽകില്ല. അവരെ ജോലിക്ക് വിളിക്കാനോ അവരുടെ വീട്ടിൽ ജോലിക്ക് പോകാനോ ആരെയും അനുവദിക്കില്ല.

ഈ കുടുംബങ്ങളെ സാമൂഹിക ചടങ്ങുകളിളൊന്നും പങ്കെടുപ്പിക്കില്ല. അവരുടെ ഭൂമി പാട്ടത്തിന് എടുക്കില്ല. ഇത്തരം ദമ്പതികൾക്ക് അഭയം നൽകുന്നവരോ സാക്ഷികളാകുന്നവരോ ആയ ഗ്രാമവാസികൾക്കും സമാനമായ ശിക്ഷ ലഭിക്കും.
വീഡിയോയിൽ മൂന്ന് കുടുംബനാഥന്മാരുടെ പേരുകൾ എടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും കാണാം.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടു. സാമൂഹിക ബഹിഷ്‌കരണം നിയമവിരുദ്ധമാണെന്ന് അധികൃതർ ഗ്രാമവാസികളെ ബോധ്യപ്പെടുത്തി. പരാതി ലഭിച്ചാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യൻ നിയമമനുസരിച്ച് 18 വയസ്സ് തികഞ്ഞ യുവതിക്കും 21 വയസ്സ് തികഞ്ഞ യുവാവിനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ അവകാശമുണ്ട്. ഇത്തരം ‘പഞ്ചായത്ത്’ വിധികൾ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രണയിച്ചു വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വിധിയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top