വിപഞ്ചികയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്; നാട്ടിലെത്തിയാൽ ഉടൻ അറസ്റ്റ്..

ഷാർജയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി അമ്മ വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഭർത്താവായ നിതീഷ്, ഭർതൃ സഹോദരി, ഭർതൃ പിതാവ് എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്നുപേരും ഇപ്പോൾ ഷാർജയിലാണ്. നാട്ടിലെത്തിയാൽ ഉടൻതന്നെ അറസ്റ്റ് നടക്കും. വിപഞ്ചികയുടെ അമ്മയായ ശൈലജയുടെ പരാതിയിലാണ് നടപടി. സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം, വിപഞ്ചികയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ തന്റെ മകൾക്ക് പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അമ്മ വെളിപ്പെടുത്തിയത്. ഭർതൃ സഹോദരിയിൽ നിന്നും ഭർതൃ പിതാവിൽ നിന്നു വരെ പീഡനം നേരിട്ടിരുന്നു. മകളെ കൊണ്ട് മുടി മൊട്ടയടിപ്പിക്കുകയും ചെയ്തിരുന്നു. ഗർഭിണിയായിരിക്കെ വരെ ഉപദ്രവിക്കുമായിരുന്നു. നേരിട്ട പീഡനങ്ങളെ കുറിച്ചൊന്നും തങ്ങളോട് പറയില്ലായിരുന്നു. എല്ലാം സഹിച്ചത് സ്വന്തം മകളെ ഒറ്റയ്ക്ക് വളർത്താൻ താല്പര്യമില്ലാത്തതുകൊണ്ട് മാത്രമായിരുന്നുയെന്നും അമ്മ മൊഴി നൽകിയിരുന്നു. സംഭവമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും ആത്മഹത്യകുറിപ്പും അമ്മ പൊലീസിന് കൈമാറിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രിക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിനും കൂടാതെ മുഖ്യമന്ത്രിക്കും അമ്മ പരാതി നൽകിയിരുന്നു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ചാൽ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് നിതീഷ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൊല്ലം കേരളപുരം സ്വദേശിനിയായ വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്.മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഭർത്താവായ നിതീഷിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാതെ വന്നപ്പോഴാണ് വിപഞ്ചിക ഈ കടുംകൈയ്ക്ക് മുതിർന്നത്.
അതേസമയം, വിപഞ്ചിക തനിക്ക് നേരിട്ട ക്രൂരതകളെ പറ്റി പങ്കുവെച്ച പോസ്റ്റ് സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുന്നു. മരിക്കുന്നതിനു മുമ്പ് ഫെയ്സ്ബുക്കിൽ ഷെഡ്യൂൾ ചെയ്തിരുന്ന പോസ്റ്റ് ആയിരുന്നു ഇത്. വിപഞ്ചിക തന്നെ നോട്ട്ബുക്കിന്റെ ആറ് പേജുകളിലായി എഴുതിയ ദീർഘമായ ഒരു കത്ത് ആയിരുന്നു ഈ പോസ്റ്റ്. തന്റെ മകളുടെ മുഖം കണ്ടു കൊതി തീർന്നിട്ടില്ല, മരിക്കാൻ ഒരു ആഗ്രഹവുമില്ല. പക്ഷേ ഇനി സഹിക്കാൻ വയ്യ അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്.
തന്റെ മരണത്തിൽ ഭർത്താവും ഭർതൃ സഹോദരിയുമാണ് ഒന്നാം പ്രതികൾ, ഭർതൃ പിതാവ് രണ്ടാംപ്രതിയുമാണ്. തന്റെ കല്യാണം ആർഭാടമായി നടത്തിയില്ലെന്നും, സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞു സ്ഥിരം ഉപദ്രവിക്കാറുണ്ടായിരുന്നു. കൂടാതെ കാശുള്ളവരായിട്ടും തനിക്ക് ഉണ്ടായിരുന്ന ചെറിയ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം പോലും അവർ പിടിച്ചു വാങ്ങുമായിരുന്നു എന്നും കുറിപ്പിൽ പറയുന്നു.കൂടാതെ ഭർതൃ പിതാവ് തന്നോട് അപമര്യാദയായി പെരുമാറിയതിനെ കുറിച്ചും പറയുന്നുണ്ട്.
ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയായിരുന്നു ഭര്‍ത്താവ് നിതീഷും. നാലര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here