വിപഞ്ചിക കേസ് ക്രൈംബ്രാഞ്ചിന്; മകളുടെ സംസ്കാരം മാറ്റി..

ഷാർജയിൽ ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കുണ്ടറ പോലീസ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

നിതീഷിന്റെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ഇവർ നാട്ടിലെത്തിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.  വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച ശേഷം റീപോസ്റ്റ്മോർട്ടം വേണമെന്ന് കുടുംബം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ, ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് അത് മാറ്റി. നിതീഷിനെ കോൺസുലേറ്റിൽ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് മൃതദേഹം തിരികെ മോർച്ചറിയിലേക്ക് മാറ്റിയത്. മൃതദേഹം ശ്മശാനത്തിൽ എത്തുന്നതിന് തൊട്ടു മുമ്പാണ് സംസ്കാരം മാറ്റിവെച്ചുള്ള തീരുമാനം എത്തിയത്.

വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം ഇന്നും നാളെയുമായി നടക്കും എന്നും സൂചനയുണ്ട്.കഴിഞ്ഞ ദിവസമാണ് ശൈലജയും കുടുംബവും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടി ഷാർജയിൽ എത്തിയത്. എന്നാൽ മകൾ വൈഭവിയുടെ മൃതദേഹം പിതാവായ നിതീഷിന് വിട്ടുകൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. അതോടെയാണ് കഴിഞ്ഞദിവസം വൈകിട്ട് ഷാർജയിൽ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം നിതീഷിന്റെ നാട്ടിലുള്ള വീട്ടിൽ സംസ്കരിക്കുന്നതിൽ എതിർപ്പില്ലെന്ന് ശൈലജ അറിയിച്ചിരുന്നു. എന്നാൽ അതിന് നിതീഷ് തയ്യാറായിരുന്നില്ല.

വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പിൽ നിതീഷിൽ നിന്നും നേരിട്ട ശാരീരിക മാനസിക പീഡനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, യുഎഇയില്‍ എവിടെയും വിപഞ്ചിക നിതീഷിനെതിരെ ഒരു പരാതിയും നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് കോടതി കുഞ്ഞിന്റെ മൃതദേഹം പിതാവിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചത് . എന്നാൽ ഇത്രയും പീഡനങ്ങൾ സഹിച്ചിട്ടും തന്റെ മകൾ കേസ് കൊടുക്കാതിരുന്നത് നിതീഷിനോടുള്ള സ്നേഹം കൊണ്ട് മാത്രം എന്നാണ് അമ്മ വെളിപ്പെടുത്തിയത്.

അതേസമയം, കുടുംബം ഹൈക്കോടതിയെ സമീപിച്ചു .വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും, കോടതി ഇടപ്പെട്ട് എത്രയും പെട്ടന്നു തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top