ഗർഭിണിയായിരിക്കവേ കഴുത്തിൽ ബെൽറ്റ് മുറുക്കി; പൊടിയും മുടിയും കലർന്ന ‘ഷവർമ’ കഴിപ്പിച്ചു; വിപഞ്ചിക നേരിട്ട ക്രൂരതകൾ പുറത്ത്…

കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും മകളെയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഭർത്താവായ നിതീഷിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാതെ വന്നപ്പോഴാണ് വിപഞ്ചിക ഈ കടുംകൈയ്ക്ക് മുതിർന്നത് എന്നാണ് നിഗമനം.
വിപഞ്ചിക തനിക്ക് നേരിട്ട ക്രൂരതകളെ പറ്റി പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. മരിക്കുന്നതിനു മുമ്പ് ഫേയ്സ്ബുക്കിൽ ഷെഡ്യൂൾ ചെയ്തിരുന്ന പോസ്റ്റ് ആയിരുന്നു ഇത്. വിപഞ്ചിക തന്നെ നോട്ട്ബുക്കിന്റെ ആറ് പേജുകളിലായി എഴുതിയ ദീർഘമായ ഒരു കത്ത് ആയിരുന്നു ഈ പോസ്റ്റ്. തന്റെ മകളുടെ മുഖം കണ്ടു കൊതി തീർന്നിട്ടില്ല, മരിക്കാൻ ഒരു ആഗ്രഹവുമില്ല. പക്ഷേ ഇനി സഹിക്കാൻ വയ്യ അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. തന്റെ മരണത്തിൽ ഭർത്താവും ഭർതൃ സഹോദരിയുമാണ് ഒന്നാം പ്രതികൾ, ഭർതൃ പിതാവ് രണ്ടാംപ്രതിയുമാണ്. തന്റെ കല്യാണം ആർഭാടമായി നടത്തിയില്ലെന്നും, സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞു സ്ഥിരം ഉപദ്രവിക്കാറുണ്ടായിരുന്നു. കൂടാതെ കാശുള്ളവരായിട്ടും തനിക്ക് ഉണ്ടായിരുന്ന ചെറിയ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം പോലും അവർ പിടിച്ചു വാങ്ങുമായിരുന്നു എന്നും കുറിപ്പിൽ പറയുന്നു.
ഭർതൃ പിതാവ് പോലും തന്നോട് അപമര്യാദയായി പെരുമാറിയിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ അച്ഛനും കൂടി വേണ്ടിയാണ് തന്നെ വിവാഹം കഴിച്ചത് എന്നാണ് ഭർത്താവ് വെളിപ്പെടുത്തിയത്. ഇത് സഹിക്കുന്നതിനും അപ്പുറമായിരുന്നു. വീട്ടിൽസ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നത് ഭർതൃ സഹോദരിയായ നീതുവായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ വരെ ഭർത്താവ് വീട്ടിൽ നിന്ന് ഇറക്കി വിട്ടിരുന്നു, കൂടാതെ തല്ലുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാൻ നീതുവായിരുന്നു ഭർത്താവിന് മെസ്സേജ് അയച്ചത്. ഒരിക്കൽ നീതുവിന്റെ വാക്കുകേട്ട് തറയിൽ കിടന്ന മുടിയും പൊടിയും കലർന്ന ‘ഷവർമ’വായിൽ കുത്തിയിറക്കുകയും ചെയ്തിരുന്നു. കൂടാതെ ഗർഭിണിയായിരുന്നു സമയത്ത് അവളുടെ വാക്ക് കേട്ട് കഴുത്തിൽ ബെൽറ്റ് മുറുക്കി.
ഭർത്താവിന് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നെന്നും തന്റെ കുഞ്ഞിനെ നോക്കാറില്ലെന്നും കത്തിൽ പറയുന്നുണ്ട്. ലോക്കറിന്റെ താക്കോൽ ഭർതൃ പിതാവിന്റെ കയ്യിൽ നിന്നും തിരികെ വാങ്ങിയത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, പോരാത്തതിന് നാട്ടിൽ കൊണ്ടുപോകില്ല എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു . മകൾക്ക് വേണ്ടിയാണ് എല്ലാം സഹിച്ചതെന്നും പക്ഷേ ആ മകളുടെ ജീവനും ആപത്തുണ്ടെന്ന് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ തയ്യാറായതെന്ന് ആത്മഹത്യ കുറുപ്പിൽ വെളിപ്പെടുത്തുന്നു. വിപഞ്ചികയുടെ മരണത്തിനുശേഷമാണ് ഫേയ്സ്ബുക്കിൽ ഈ കുറിപ്പ് പ്രചരിച്ചത്.എന്നാൽ ഏറെ വൈകാതെ തന്നെ ആ കുറിപ്പ് ഡിലീറ്റ് ആവുകയും ചെയ്തു. ഭർത്താവ് നിതീഷാണ് ഇത് ഡിലീറ്റ് ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അതേസമയം, തന്റെ മകളുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ രംഗത്തെത്തിയിരുന്നു. എല്ലാം സ്വയം സഹിക്കുകയല്ലാതെ ഒന്നും വീട്ടുകാരെ അറിയിക്കില്ലായിരുന്നു എന്നാണ് മാതാവിന്റെ വെളിപ്പെടുത്തൽ. തന്റെ കുഞ്ഞൊരിക്കലും ഒറ്റയ്ക്ക് ജീവിക്കാൻ പാടില്ല എന്നും അച്ഛനും അമ്മയും ഒരുമിച്ച് വേണമെന്നുമാണ് എപ്പോഴും മകൾ പറഞ്ഞിരുന്നത്. അതുകൊണ്ടാവാം ഇത്രയും കാലം അവളെല്ലാം സഹിച്ചതും. നിതീഷിന് 4 ലക്ഷത്തിലധികം രൂപ ശമ്പളം ഉണ്ട്. എന്നിട്ടും തന്റെ മകളുടെ ശമ്പളം പിടിച്ചു വാങ്ങുമായിരുന്നു. കമ്പനിയുടെ ഷെയർ മറിച്ച് വിറ്റ് പണം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത് പുറത്ത് പറഞ്ഞാൽ തന്റെ മകളെ കൊന്നുകളയും എന്നുവരെ നിതീഷ് ഭീഷണിപ്പെടുത്തിയിരുന്നു എന്നും അമ്മ കൊല്ലത്തു മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തിങ്കളാഴ്ചയാണ് ഷാർജയിൽ വിപഞ്ചികയുടെയും മകളുടെയും പോസ്റ്റ്മോർട്ടം നടക്കുക. എന്നാൽ നാട്ടിലും പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യമായി കുടുംബം രംഗത്തെത്തിയിരുന്നു . പോലീസ് മേധാവിയെയും സർക്കാരിനെയും മരണത്തിൽ ദുരൂഹത ഉണ്ടെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. നിലവിൽ രണ്ടുപേരുടെയും മൃതദേഹം ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here