ട്രോളുകൾ കൊണ്ട് അവശനായി എഎ റഹിം; പഴയ പിഎച്ച്ഡി ഫെലോഷിപ്പ് വിവാദം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ അതിരൂക്ഷ പരിഹാസങ്ങൾക്ക് ഇരയാവുകയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡൻ്റും രാജ്യസഭ അംഗവുമായ എഎ റഹിം. ഇന്നലെ ബെംഗളൂരുവിലെ യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുമ്പോൾ TV 9 ടിവി ചാനലിന് നൽകിയ അഭിമുഖമാണ് വൻ തിരിച്ചടിയായത്. ഇംഗ്ലീഷിൽ പറഞ്ഞതു മുഴുവൻ പൊട്ടത്തരങ്ങളാണെന്ന് പറഞ്ഞാണ് കോൺഗ്രസ്-ബിജെപി ഹാൻഡിലുകൾ റഹിമിനെ പഞ്ഞിക്കിടുന്നത്.

ഇതിനിടയിൽ റഹിം കേരള യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്ത് നാല് ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം പ്രബന്ധം സമർപ്പിച്ചില്ല വാർത്തയും ഇതേക്കുറിച്ച് വന്ന നിയമസഭാ ചോദ്യവും കേരള യൂണിവേഴ്സിറ്റിയുടെ ഓഡിറ്റ് റിപ്പോർട്ടും ആണ് സോഷ്യൽ മീഡിയയിൽ കുത്തിപ്പൊക്കി വിട്ടിരിക്കുന്നത്.

Also Read : എന്‍ഡിടിവി രാജ്യത്തെ നമ്പര്‍ വണ്‍ വാര്‍ത്താ കമ്പനി; ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ റോയ്‌ട്ടേഴ്‌സിന്റെ സര്‍വെ

തന്നെ ട്രോളുന്നവരോട് പിണക്കമില്ലെന്നും തൻ്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇതാദ്യമായിട്ടല്ല, ഇംഗ്ലീഷ് പ്രയോഗത്തിലൂടെ റഹീം ട്രോളുകൾക്ക് ഇരയാകുന്നത്. പാർലമെന്റിന് അകത്തും പുറത്തുമുള്ള റഹീമിന്റെ ഇംഗ്ലീഷ്, എതിരാളികൾ എടുത്തിട്ട് അലക്കുകയാണ്. അതിനിടയിൽ റഹിമിൻ്റെ വിദ്യാഭ്യാസ യോഗ്യതയെകുറിച്ചും, ഗവേഷണത്തിന് ഫെലോഷിപ്പ് വാങ്ങിയ ശേഷം പ്രബന്ധം നല്കാത്തതും വീണ്ടും ചർച്ചയാകുകയാണ്.

ഈ വിഷയത്തിൽ 2022 മാർച്ച് 15ന് ഷാഫി പറമ്പിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയോടായി നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങളും മന്ത്രി ആർ ബിന്ദു നല്കിയ മറുപടിയുമാണ് വീണ്ടും പ്രചരിക്കുന്നത്. “എഎ റഹിം എന്ന ഗവേഷണ വിദ്യാർത്ഥി ഗവേഷണ റിപ്പോർട്ട് സമർപ്പിക്കാതെ ഫെലോഷിപ്പ് കൈപ്പറ്റിയതായി രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ? പ്രസ്തുത റിപ്പോർട്ടിൻ്റെ പകർപ്പ് ലഭ്യമാക്കാമോ ? പ്രസ്തുത വ്യക്തി ഫെലോഷിപ്പ് തിരിച്ചടച്ചിട്ടുണ്ടോ? എങ്കിൽ ആയതിൻ്റെ രേഖകൾ നൽകാമോ? ഇക്കാര്യത്തിൽ സർവകലാശാല നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ” എന്നിങ്ങനെ ചോദ്യങ്ങളാണ് ഷാഫി ഉന്നയിച്ചത്.

ഗവേഷണ റിപ്പോർട്ട് സമർപ്പിച്ചുവെന്നോ പണം തിരിച്ചടച്ചുവെന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല. എഎ റഹിമിന് മൂന്നര വർഷം ഗവേഷണം നടത്തുന്നതിനായി ഫെലോഷിപ്പ് നൽകിയെന്ന ഒഴുക്കൻ മറുപടിയാണ് മന്ത്രി നൽകിയത്. രജിസ്ട്രാർ നടത്തിയ അന്വേഷണം സംബന്ധിച്ച് മറുപടിയില്ല. ഫെല്ലോഷിപ്പ് തിരിച്ച് അടച്ചിട്ടുണ്ടോ, സർവകലാശാല സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് ”ഈ തുക തിരിച്ചുപിടിക്കാനുള്ള സാഹചര്യം നിലവിലില്ല” എന്നായിരുന്നു മറുപടി.

Also Read : മെസ്സി വരില്ല; റിപ്പോർട്ടർ ടിവിക്കും സർക്കാരിനുമെതിരെ ട്രോളോട് ട്രോൾ; ക്യാപ്സ്യൂൾ അല്ലാത്ത വിശദീകരണം വേണമെന്ന് വിടി ബൽറാമിന്റെ പരിഹാസം

ഫെലോഷിപ്പ് തുകയായി 3,44,744 രൂപ റഹീം കൈപ്പറ്റിയിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാണ്. ഫെലോഷിപ്പ് തുക വാങ്ങിയിട്ട് തീസിസ് സമർപ്പിക്കാത്തതിനെക്കുറിച്ച് പരാതി വന്ന സാഹചര്യത്തിലാണ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. രജിസ്ട്രാറുടെ റിപ്പോർട്ടിലാണ് റഹിം പണം വാങ്ങിയിട്ടും പഠനറിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമായത്.

ഇസ്ലാമിക് പഠനവിഭാഗത്തിലേക്ക് 2010 മെയ് 4നാണ് മുഴുവൻ സമയ ഗവേഷണവിദ്യാർഥിയായി റഹിം രജിസ്റ്റർ ചെയ്തത്. ‘ആധുനിക വിദ്യാഭ്യാസവും, അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും’ എന്ന വിഷയത്തിൽ 2011 ജനുവരി 4 മുതൽ ഇസ്ലാമിക പഠനവിഭാഗം മേധാവി ഡോ എസ് ഷറഫുദീന്റെ മേൽനോട്ടത്തിൽ ഗവേഷണവും ആരംഭിച്ചു. 2013ൽ തീരേണ്ട ഗവേഷണം പൂർത്തിയാക്കാത്തതിനാൽ 2015 മെയ് 4 വരെ നീട്ടിനൽകി. അഞ്ചുവർഷം അവസാനിച്ചതോടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് രണ്ട് വർഷം കൂടി നീട്ടി വാങ്ങി. 2010 മെയ് 4 മുതൽ 2013 നവംബർ 2 വരെയുള്ള ഫെലോഷിപ്പ് 3,44,744 രൂപ കൈപ്പറ്റുകയും ചെയ്തു എന്ന വിവരാവകാശരേഖ അക്കാലത്ത് പുറത്തു വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top