ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വിരാട് കോഹ്‌ലി; പ്രതീക്ഷിച്ചതിലേറെ തിരിച്ച് തന്നു എന്ന് പോസ്റ്റ്

രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രഖ്യാപനം. വിരമിക്കല്‍ എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റില്‍ പറഞ്ഞു. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്.
14 വര്‍ഷം നീണ്ട് കരിയറില്‍ 123 ടെസ്റ്റുകളില്‍ നിന്നായി 9230 റണ്‍സ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റിക്കോര്‍ഡും കോഹ്‌ലിയുടെ പേരിലാണ്. ഓസ്ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ടെസ്റ്റ് കളിച്ചത്. ലോകകപ്പ് വിജയത്തിന് പിന്നാലെ ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തില്‍ മാത്രമാകും താരം രാജ്യത്തിനായി കളിക്കുക.
വിരമിക്കാനുള്ള തീരുമാനം കോഹ്‌ലി നേരത്തെ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാല്‍ പുനരാലോചന നടത്താനായിരുന്നു ബിസിസിഐ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടി കളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് താരം വിരമിക്കാന്‍ തീരുമാനം എടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here