ഒരു കോടിയുടെ സെമിനാര്‍ പരമ്പര നടത്തി കേരളം വികസിപ്പിക്കുമെന്ന് പിണറായി സര്‍ക്കാര്‍; തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഓരോരോ നമ്പരുകള്‍

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴേക്കും പിണറായി സര്‍ക്കാരിന് വികസനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒരേ വേവലാതി. കേരളം രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികമായ 2031-ല്‍ സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങള്‍ എന്തായിരിക്കണമെന്ന് നിര്‍ണയിക്കുന്നതിനായി ”വിഷന്‍ 2031” എന്ന പേരില്‍ സംസ്ഥാന ത്തുടനീളം സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തികമായി കുത്തുപാള എടുത്തിരിക്കുന്ന ധനവകുപ്പാണ് ഈ അര്‍മാദത്തിനും പണം ചെലവഴിക്കുന്നത്.

സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളര്‍ച്ച വിലയിരുത്തിയും ഭാവിയിലെ സാധ്യതകള്‍ ചര്‍ച്ച ചെയ്തും വികസിതവും പുരോഗമനപരവുമായ ഒരു കേരളം കെട്ടിപ്പടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പിആര്‍ഡിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘വിഷന്‍ 2031’ സെമിനാര്‍ പരമ്പരയ്ക്ക് ഖജനാവില്‍ നിന്ന് ഒരു കോടിയോളം രൂപ ചെലവ് വരും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന 33 സെമിനാറുകളില്‍ ഓരോന്നിനും പരമാവധി 3 ലക്ഷം രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഓരോ സെമിനാറിന്റെയും സംഘാടന ചുമതലയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അവരുടെ ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാം. ഇതുസംബന്ധിച്ച അനുമതി ഉത്തരവ് പുറപ്പെടുവിക്കാന്‍ ധനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 33 വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനാല്‍, മൊത്തം ചെലവ് 99 ലക്ഷം രൂപ വരെയാകാം. ഈ സെമിനാറുകളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ജനുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിപുലമായ ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി 2025 ഒക്ടോബര്‍ മാസത്തില്‍ 33 വിഷയങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സെമിനാറുകള്‍ സംഘടിപ്പിക്കും. ഓരോ സെമിനാറും അതത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഈ സെമിനാറുകളില്‍ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങളും കാഴ്ചപ്പാടുകളും ക്രോഡീകരിച്ച് 2026 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒരു വിപുലമായ കോണ്‍ക്ലേവ് സംഘടിപ്പിക്കും.

ALSO READ : ശബരിമല അയ്യപ്പന്‍ സിപിഎമ്മിന് എല്ലാക്കാലത്തും ഇലക്ഷന്‍ മെറ്റീരിയല്‍; പണ്ടും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതേ തന്ത്രം പയറ്റി; വിമര്‍ശനങ്ങള്‍ക്ക് തെളിവുണ്ട്

ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെയുള്ള തീയതികളിലാണ് സെമിനാറുകള്‍ നടക്കുക. ഓരോ സെമിനാറിലും 500 മുതല്‍ 1000 വരെ ആളുകളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ തുടക്കത്തില്‍, വകുപ്പ് സെക്രട്ടറി കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടങ്ങളും പ്രധാന പദ്ധതികളും അവതരിപ്പിക്കും. തുടര്‍ന്ന്, ബന്ധപ്പെട്ട മന്ത്രി ”വിഷന്‍ 2031” എന്ന കരട് നയരേഖ അവതരിപ്പിക്കും. ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
ഓരോ സെമിനാറിന്റെയും സംഘാടനച്ചെലവിനായി അതത് വകുപ്പുകള്‍ക്ക് 3 ലക്ഷം രൂപ വരെ വിനിയോഗിക്കാന്‍ അനുമതിയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top