വേതന വർദ്ധനവ് ആവശ്യപ്പെട്ട് മാവോയിസ്റ്റ്; ഛത്തീസ്ഗഢ് സ്വദേശി സമീപിച്ചത് കൊച്ചി എൻഐഎ കോടതിയെ

മാവോയിസ്റ്റ് പ്രവർത്തനത്തിന് തടവ് അനുഭവിക്കുന്ന ഛത്തീസ്ഗഢിലെ ബിജാപൂർ സ്വദേശിയായ ദീപക് എന്ന കോർസ റാംലു ആണ് വേതന വർദ്ധന എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വേതനം പരിഷ്കരിക്കാൻ ജയിൽ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ എൻഐഎ കോടതിയെ ഇയാള്‍ സമീപിച്ചത്.
ദീപക് 2024 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ തടവുകാരനാണ്. എൻഐഎ കോടതിയുടെ നിർദ്ദേശപ്രകാരം 2024 മെയ് 16 മുതൽ ഇയാളെ ജയിൽ ജോലിക്ക് നിയോഗിച്ചിരുന്താനു. തുടക്കത്തിൽ സ്വീപ്പറായി ജോലി ചെയ്തിരുന്ന തടവുകാരൻ ഇപ്പോൾ ഗേറ്റ് കീപ്പറായി ജോലി ചെയ്യുകയാണ്. 330 പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കിയതായും ഇപ്പോഴും പ്രതിദിനം 63 രൂപ മാത്രമാണ് ശമ്പളം ലഭിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.
ഹർജി പരിഗണിച്ച കോടതി ജയിൽ സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് തേടി. തടവുകാരായ തൊഴിലാളികൾക്ക് പ്രതിദിനം അപ്രന്റീസ് തസ്തികയിൽ 63 രൂപയും , ബേസിക് ഇനത്തിൽ 127 രൂപയും സ്കിൽഡ് ലബോഴ്സിന് 152 രൂപയുമാണ് വേതനം നൽകുന്നതെന്ന് സൂപ്രണ്ട് വ്യക്തമാക്കി. കേരള ജയിൽസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമങ്ങൾ വേതന പരിഷ്കരണത്തിന് ഒരു നിശ്ചിത കാലയളവ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, കുറഞ്ഞത് 180 പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തടവുകാരെ സാധാരണയായി അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഉയർന്ന വേതന നിരക്കിലേക്ക് പരിഗണിക്കും.
എന്നാൽ ഗേറ്റ് കീപ്പറുടെ റോളിന് കാര്യമായ വൈദഗ്ധ്യമോ പരിചയമോ ആവശ്യമില്ല. ഹർജിക്കാരൻ ജോലിക്ക് ആവശ്യമായ വൈദഗ്ധ്യം നേടിയിട്ടില്ലെന്ന് നിഗമനത്തിന് കാരണം റിപ്പോർട്ടിൽ കാണിക്കുന്നില്ല. മതിയായ കാരണമൊന്നും കാണിക്കാതെ ഹർജിക്കാരന് ഉയർന്ന വേതനം നിഷേധിക്കാൻ കഴിയില്ല എന്ന് കോടതി നിരീക്ഷിച്ചു.
അവകാശം എന്ന നിലയിൽ ഹർജിക്കാരന് വേതന വർദ്ധനവ് ആവശ്യപ്പെടാൻ കഴിയില്ലെങ്കിലും, എന്ത് കാരണം കൊണ്ടാണിത് നിഷേധിക്കുന്നത് എന്നതിന് വിശദീകരണം നൽകാൻ അധികാരികൾ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിശോധിക്കുകയും ഹർജിക്കാരനെ കേൾക്കുകയും ചെയ്ത ശേഷം, വിഷയം പുനഃപരിശോധിച്ച് പുതിയ തീരുമാനം എടുക്കാൻ കോടതി ജയിൽ അധികൃതരോട് നിർദ്ദേശിച്ചു. ഹർജിക്കാരന് വർദ്ധിപ്പിച്ച വേതനം നൽകുന്നതിനെ കുറിച്ചുള്ള ആവശ്യം പുനഃപരിശോധിക്കാനും എത്രയും വേഗം പുതിയ തീരുമാനം എടുക്കാനും ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു. മലപ്പുറത്തെ കരുളായി വനത്തിൽ നടന്ന 2016 സെപ്റ്റംബറിൽ നടന്നുവെന്ന് പറയപ്പെടുന്ന സായുധ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ടാണ് ദീപക് എടിഎസ് പിടിയിലായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here