“വിഴിഞ്ഞം ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണത്തിൻ്റെ അടയാളം!! ഞാൻ മരിച്ചാലും നിങ്ങളിൽ പലരും അത് കാണും…” പ്രവചനം വൈറൽ

കേരളത്തിൻ്റെ ധനവകുപ്പ് സെക്രട്ടറിയായി വിരമിച്ച ഡോ ബാബു പോൾ, പ്രഭാഷകനായും എഴുത്തുകാരനായും ഒക്കെ ഒട്ടേറെക്കാലം കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ തിളങ്ങിനിന്ന ആളാണ്. ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കേരളം കണ്ട മഹാരഥന്മാരായ ഒട്ടേറെ നേതാക്കൾക്കൊപ്പം ജോലിചെയ്തിട്ടുള്ള അദ്ദേഹം അവരിൽ പലരെയും വിലയിരുത്തി പൊതുവേദികളിൽ പറയാനും മടികാണിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ അത്തരമൊരു പ്രസംഗമാണ് ഈ ദിവസങ്ങളിൽ ശ്രദ്ധേയമാകുന്നത്.

“25 കൊല്ലം കഴിയുമ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടാവില്ല. പക്ഷേ ഇവിടെ ഇരിക്കുന്ന പലരും ഉണ്ടാവും. അന്ന് നിങ്ങൾ ചരിത്രത്തിൽ വായിക്കും, കേരളം കണ്ടിട്ടുള്ള മികച്ച മുഖ്യമന്ത്രിമാർ അച്യുതമേനോനും ഉമ്മൻ ചാണ്ടിയും ആയിരുന്നുവെന്ന്. ഭാവിയിലേക്ക് നോക്കാനുള്ള ദീർഘവീക്ഷണത്തിൻ്റെ ബലമാണ് ഉമ്മൻ ചാണ്ടിയെ നയിക്കുന്നത്. കൊച്ചിമെട്രോ, വിഴിഞ്ഞം തുറമുഖം, സ്മാർട്ട് സിറ്റി, കണ്ണൂർ വിമാനത്താവളം ഇങ്ങനെ അനേകം കാര്യങ്ങൾ… ചരിത്രം പഠിക്കാനും ഭാവിയിലേക്ക് എത്തിനോക്കാനും കഴിവ് ഉള്ളവർക്കേ ഇപ്പോഴത് കാണാനാകൂ, നിങ്ങളിൽ ചെറുപ്പക്കാരായ ആളുകൾ അങ്ങനെയൊരു വരികൂടി വായിച്ചിട്ടേ മരിക്കൂവെന്ന് ഞാൻ പ്രത്യാശിക്കുന്നു”.

തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സിപി രാമസ്വാമി അയ്യർ മുതൽ പിന്നീട് വന്ന നിരവധി ഭരണാധികാരികൾ വിഴിഞ്ഞം തുറമുഖം നടപ്പാക്കാൻ സ്വപ്നം കണ്ടെങ്കിലും ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ദീർഘദർശിത്വമാണ് തുറമുഖം സഫലമാകാൻ ഇടയാക്കിയത്. ഒരുപാട് തടസ്സങ്ങൾ വെട്ടിമാറ്റി 2015 ഡിസംബർ 15ന് ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതിക്ക് തറക്കല്ലിട്ടു. ഈ വേഗത പിന്നീട് കണ്ടില്ല. പിന്നീട് വന്ന രണ്ട് പിണറായി സർക്കാരുകളുടെ കാലത്തും പണി ഇഴയുകയായിരുന്നു. ഒന്നാം ഘട്ടം പൂർത്തിയാക്കാൻ 10 കൊല്ലമെടുത്തു എന്ന സത്യം മുഴച്ചു നിൽക്കുകയാണ്.

Also Read: അന്ന് വിഴിഞ്ഞം 5000 കോടിയുടെ ഭൂമി തട്ടിപ്പ്; ഇന്ന് അഭിമാന തുറമുഖം; പാരവയ്പുകളെ അതിജീവിച്ച സ്വപ്നപദ്ധതി

ഇപ്പോൾ പിണറായിയുടെ വിശ്വസ്തനായിരിക്കുന്ന പ്രൊഫ കെ വി തോമസ് വിഴിഞ്ഞം പദ്ധതി നടപ്പാക്കിയെടുക്കാൻ ഉമ്മൻ ചാണ്ടി എടുത്ത ശക്തമായ തീരുമാനത്തെക്കുറിച്ചും കഠിനാദ്ധ്വാനത്തെ ക്കുറിച്ചും ഫെയ്സ്ബുക്കിൽ വിവരിച്ചിട്ടുണ്ട്.

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരിക്കെ 2015ലെ ഡൽഹി യാത്രയിൽ, വിഴിഞ്ഞം നിർമാണം ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതി നഷ്ടപ്പെടും എന്നായിരുന്നു ആശങ്ക. ഗൗതം അദാനിയുമായി തനിക്ക് അടുപ്പമുണ്ടെന്നും പക്ഷേ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും അദാനിയോടുള്ള എതിർപ്പ് പരിഹരിക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെടണമെന്ന് താൻ മറുപടി നൽകിയതായി അദ്ദേഹം വിവരിക്കുന്നുണ്ട്. അദാനിയോട് സംസാരിച്ചപ്പോൾ കേരളത്തിലെ തൊഴിൽ സംസ്കാരത്തെ ചൊല്ലിയുള്ള ആശങ്കകൾ പറഞ്ഞു. എന്നാൽ പിന്നീട് ഡൽഹിയിലെ തൻ്റെ വസതിയിൽ ഗൗതം അദാനിയും ഉമ്മൻ ചാണ്ടിയും നേരിൽ സംസാരിച്ചതോടെയാണ് കാര്യങ്ങൾ തീരുമാനമായത്.

പിന്നീട് അദാനി കേരളത്തിൽ വന്നു. പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് സോണിയ ഗാന്ധിയെ നേരിൽക്കണ്ട് ഉമ്മൻ ചാണ്ടി ബോധ്യപ്പെടുത്തി. അദാനിക്കെതിരെ ചില കോൺഗ്രസ് നേതാക്കൾ കത്തുകൾ എഴുതിയെങ്കിലും ഉമ്മൻ ചാണ്ടിയുടേത് ശക്തമായ തീരുമാനമായിരുന്നു. തുടർന്നുണ്ടായ പ്രതിസന്ധികളെയും അതിജീവിച്ചാണ് പദ്ധതിക്ക് ഉമ്മൻ ചാണ്ടി സർക്കാർ തറക്കല്ലിട്ടതെന്ന് കെ വി തോമസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന് കരാറായ ശേഷം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിനെ സാമ്പത്തികമായി സഹായിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായിരുന്നു . എന്നാൽ ഉമ്മൻ ചാണ്ടി അത് സ്വീകരിച്ചില്ലെന്നും മുൻ കേന്ദ്രമന്ത്രി കെ വി തോമസ് ഈ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലത്താണ് വിഴിഞ്ഞം പദ്ധതി കടൽക്കൊള്ളയാണെന്നും അതിൽ 5000 കോടിയുടെ അഴിമതി നടന്നുവെന്നും പിണറായി വിജയൻ പറഞ്ഞത് എന്നതാണ് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top