വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാൻ 11 കോടി വിദേശഫണ്ട് എത്തിയെന്ന വാർത്ത ന്യൂസ് 18 ചാനലിന് കുരുക്കായി; 7 ദിവസത്തിനുള്ളില്‍ വാര്‍ത്ത‍കൾ പിന്‍വലിക്കാൻ NBDSA ഉത്തരവ്; ചാനല്‍ ആരുടെയോ ആയുധമായെന്ന് ‘സഖി’ ട്രസ്റ്റി ഏലിയാമ്മ വിജയൻ

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ സമരം സംഘടിപ്പിക്കാൻ ‘സഖി’ സംഘടന വഴി കോടികളുടെ വിദേശസഹായം എത്തിയെന്ന വാർത്തകൾ പിൻവലിക്കാൻ ന്യൂസ് 18 മലയാളം ചാനലിന്, ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുടെ (NBDSA) താക്കീത്. 11 കോടി രൂപയെത്തിക്കാൻ ഇടനില നിന്നുവെന്ന് വാർത്തയിൽ പരാമർശിക്കപ്പെട്ട ‘സഖി’ സംഘടന നൽകിയ പരാതിയിലാണ് നടപടി.

നാല് ഓണ്‍ലൈന്‍ സിറ്റിംഗുകള്‍ നടത്തി ഇരുപക്ഷത്തിൻ്റെയും വാദംകേട്ട ശേഷമാണ് ഉത്തരവ്. വാര്‍ത്ത നല്‍കുമ്പോള്‍ പുലർത്തേണ്ട ധാര്‍മികത ചാനല്‍ കാണിച്ചില്ലെന്ന് NBDSA അധ്യക്ഷൻ റിട്ട. ജസ്റ്റിസ് എ കെ സിക്രിയുടെ ഉത്തരവിൽ പറയുന്നു. ‘സഖി’ക്ക് എതിരായ എല്ലാ വാര്‍ത്തകളും 7 ദിവസത്തിനുള്ളിൽ വെബ്സൈറ്റിൽ നിന്നും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നും ചാനൽ നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. വ്യക്തികളുടെ അനുമതി കൂടാതെ ഒരു ഫോണ്‍ നമ്പറും വാര്‍ത്തയില്‍ നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ്‌ 18 ഗ്രൂപ്പിന്റെ മലയാളം ചാനലിന് വലിയ തിരിച്ചടിയാണ് എന്‍ബിഡിഎസ്എ വിധി.

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചെന്ന തരത്തിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. സമരം കൊണ്ടിരിക്കെ ഒക്ടോബർ 30നാണ് ചാനൽ പുറത്തുവിട്ടത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് നൽകിയ വാര്‍ത്തയില്‍ പറഞ്ഞിരുന്നത് ഇങ്ങനെ: തുറമുഖ വിരുദ്ധ സമരസമിതിയിലെ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചുവരികയാണ്. ഇതിൽ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് തുറമുഖ പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം.

സമരസമിതി നേതാവ് എ ജെ വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. ഗതാഗതമന്ത്രി ആൻറണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയൻ എന്ന എ ജെ വിജയൻ. വിദേശനാണയവിനിമയച്ചട്ടം (FCNRA) ലംഘിച്ചതായി പ്രാഥമിക സൂചനയുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ‘സഖി ‘ നിയമനടപടിക്ക് ഇറങ്ങിയത്.

 vizhinjam foreign fund

“ന്യൂസ്‌ 18 നല്‍കിയത് വ്യാജവാര്‍ത്തയായിരുന്നു. അതാണ്‌ എന്‍ബിഡിഎസ്എയെ സമീപിക്കാന്‍ കാരണം”. ‘സഖി’ ട്രസ്റ്റി ഏലിയാമ്മ വിജയന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഞങ്ങളുടെ അക്കൗണ്ട് വഴി വന്ന 11 കോടി വിഴിഞ്ഞം സമരത്തിന് നല്‍കി എന്ന് പറഞ്ഞ് ബ്രേക്കിംഗ് ന്യൂസ് ആയാണ് നല്‍കിയത്. അത് പച്ചക്കള്ളമായിരുന്നു. എന്റെ വ്യക്തിപരമായ ഫോണ്‍ നമ്പര്‍ കൂടി വാര്‍ത്തയില്‍ നല്‍കി. എന്റെ ഭര്‍ത്താവ് കാലങ്ങളായി വിഴിഞ്ഞം സമരസമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ്. അതിൽ രഹസ്യമൊന്നുമില്ല. സംഘടനയുടെ അക്കൗണ്ട് സുതാര്യമാണ്.

11 കോടിയൊന്നും ആരും അയച്ചിട്ടില്ല. എഫ് സി ആർ എ അക്കൌണ്ട് വഴി തികച്ചും നിയമപരമായാണ് ഇടപാടുകളെല്ലാം നടക്കുന്നത്. ചാനല്‍ ആര്‍ക്കോ വേണ്ടി ആയുധമായി മാറുകയായിരുന്നു. ആ ഘട്ടത്തില്‍ വിജിലന്‍സില്‍ നിന്നും ഒരു പോലീസുകാരന്‍ വന്ന് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ ചാനലിനു നല്‍കപ്പെട്ടു എന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഈ പോലീസുകാരന് എതിരെ പരാതിയും നല്‍കിയിട്ടുണ്ട്” -ഏലിയാമ്മ വിജയന്‍ പറഞ്ഞു.

എന്‍ബിഡിഎസ്എയുടെ താക്കീത് ലഭിച്ചെന്ന് ന്യൂസ് 18 ചാനൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വാര്‍ത്തയുടെ ലിങ്കുകള്‍ പിന്‍വലിക്കുമെന്നും അവർ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top