വിഴിഞ്ഞം കുതിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് വിഴിഞ്ഞത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും ഏകദേശം 10,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ വികസനം 2028-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ ഒരു മില്യൺ TEU-വിൽ നിന്ന് അഞ്ച് മില്യൺ TEU-വായി വർദ്ധിക്കും. ബെർത്തിന്റെ നീളം നിലവിലുള്ള 800 മീറ്ററിൽ നിന്ന് 2,000 മീറ്ററായും, പുലിമുട്ടിന്റെ നീളം 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്ററായും വർദ്ധിപ്പിക്കും.

Also Read : വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി മോദി; രാജ്യത്തിന് അഭിമാനം

റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും ഈ ഘട്ടത്തിൽ നിർമ്മിക്കും. ഇതുകൂടാതെ വിഴിഞ്ഞം തുറമുഖത്തെ ദേശീയപാത ബൈപാസുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങി വെറും ഒരു വർഷത്തിനുള്ളിൽ തന്നെ വിഴിഞ്ഞം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇതിനകം 710 കപ്പലുകളിൽ നിന്നായി 15 ലക്ഷത്തിലധികം കണ്ടെയ്നറുകൾ ഇവിടെ കൈകാര്യം ചെയ്തു കഴിഞ്ഞു. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളിൽ ഒന്നായി വിഴിഞ്ഞം മാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top