ഒടുവിൽ ഓഫീസ് ഒഴിഞ്ഞ് വി കെ പ്രശാന്ത്; വട്ടിയൂർക്കാവ് എംഎൽഎ ഓഫീസ് ഇനി കൗൺസിലർ ആർ ശ്രീലേഖയുടെ ഓഫീസാകും

ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വി കെ പ്രശാന്ത് എംഎൽഎ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു. മരുതംകുഴിയിലെ പുതിയ കെട്ടിടത്തിലേക്കാണ് എംഎൽഎ തന്റെ ഓഫീസ് പ്രവർത്തനം മാറ്റുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിലേറിയതിന് പിന്നാലെയാണ് ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തത്. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ കൗൺസിലർ ഓഫീസും എംഎൽഎ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
Also Read : എനിക്ക് അതൃപ്തിയില്ല; കേരളത്തിലേത് വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം; ആര്‍ ശ്രീലേഖയുടെ യു ടേണ്‍
കൗൺസിലർ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതാണ് വിവാദങ്ങളുടെ തുടക്കം. കോർപ്പറേഷനുമായി കരാറുണ്ടെന്നും മാർച്ച് വരെ കാലാവധിയുണ്ടെന്നും അതിനാൽ ഓഫീസ് ഒഴിയാനാവില്ലെന്നുമായിരുന്നു വി കെ പ്രശാന്തിന്റെ ആദ്യ നിലപാട്. പിന്നീട് തങ്ങൾ സുഹൃത്തുക്കളാണെന്നും ഓഫീസ് ഒഴിയണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് ശ്രീലേഖ രംഗത്തെത്തിയിരുന്നു.
എന്നാൽ, കൗൺസിലർ ഓഫീസിലെ പരിമിതമായ സൗകര്യങ്ങളെക്കുറിച്ച് വീഡിയോ സഹിതം ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവെച്ചത് വിവാദം വീണ്ടും സജീവമാക്കി. തർക്കം നീണ്ടുപോകുന്നതിനിടെയാണ് ഇപ്പോൾ ഓഫീസ് മാറ്റാൻ എംഎൽഎ തീരുമാനിച്ചിരിക്കുന്നത്. മരുതംകുഴിയിൽ സജ്ജമാക്കിയ പുതിയ ഓഫീസിലേക്ക് ഉടൻ തന്നെ പ്രവർത്തനം മാറ്റും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here