രാഹുൽ ഗാന്ധിക്ക് മുന്നേ ‘വോട്ടുചോരി’ പുറത്തുവിട്ടത് പ്രൊഫ സബ്യസാചി; തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പ്രബന്ധമായപ്പോൾ ജോലിപോയത് ചരിത്രം

‘വോട്ട് ചോരി’ അഥവാ വോട്ട് മോഷണം ഇന്ത്യൻ രാഷ്ടീയത്തിൽ വൻ വിവാദമായി കത്തിപ്പടരുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് ആറ് മാസം നീണ്ട പഠനങ്ങൾക്ക് ശേഷം വിവരങ്ങൾ പൊതുമധ്യത്തിൽ എത്തിച്ചത്. എന്നാൽ ആറ് വർഷം മുമ്പ് ഒരു യൂണിവേഴ്സിറ്റി പ്രഫസർ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പിഴവുകളും വോട്ട് മോഷണവും അക്കമിട്ട് നിരത്തി പഠനം പുറത്തുവിട്ടിരുന്നു. ഇതിലൂടെ വന്ന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും ഞെട്ടിച്ചതാണ്.

ഹരിയാന അശോക യൂണിവേഴ്സിറ്റിയിയിൽ അസോ. പ്രൊഫസറായ സബ്യസാചി ദാസ് ആണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനാധിപത്യത്തിൻ്റെ പിന്നോട്ടുപോക്ക് (Democratic Backsliding in the World’s Largest Democracy) എന്ന പേരിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. 2019ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ജനാധിപത്യ കശാപ്പിനെ കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

‘വോട്ട് അട്ടിമറി ആരോപണം’ രാഹുലിനെ ശക്തനാക്കുന്നു; പുതിയ ക്യാമ്പയിനുമായി കോൺഗ്രസ്

ഭരിക്കുന്ന പാർട്ടി ഓരോ നിയോജക മണ്ഡലങ്ങളിലും നടത്തിയ ആസൂത്രിത തട്ടിപ്പുകളെക്കുറിച്ചായിരുന്നു അത്. 373 ലോക്സഭാ മണ്ഡലങ്ങളിൽ പോൾചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുണ്ടായ അന്തരമായിരുന്നു പ്രധാന കണ്ടെത്തൽ. നൂറുകണക്കിന് സ്ഥലങ്ങളിൽ ഈ അന്തരം കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ കണക്കുകൾ പക്ഷെ പരാതികൾ ഉയർന്നതോടെ പൊടുന്നനെ അപ്രത്യക്ഷമായി.

ഒരു മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 10,000 ആയിരിക്കെ സ്ഥാനാര്‍ത്ഥികള്‍ക്ക് മൊത്തമായി 15,000 വോട്ട് ലഭിച്ചാല്‍ കൂടുതലായി വന്ന 5000 വോട്ടുകള്‍ എവിടെനിന്ന് എന്നത് തികച്ചും സ്വാഭാവികമായ ചോദ്യമാണ്. ആ ചോദ്യത്തിന് തൃപ്തികരമായ മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ല. ഇത്തരം ക്രമക്കേടുകളെക്കുറിച്ച് സബ്യസാചി എഴുതിയ ലേഖനം വലിയ കോലാഹലം സൃഷ്ടിച്ചു. ബിജെപി സർക്കാറിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ ലേഖനമായിരുന്നു അത്.

ഇതോടെ ​സബ്യസാചിക്കെതിരെ നടപടിയെടുക്കാൻ അശോക യൂണിവേഴ്സിറ്റിക്കു മേൽ സമ്മർദം ചെലുത്തി. പിന്നാലെ സാമ്പത്തിക ശാസ്‍ത്ര പ്രഫസറായിരുന്ന സബ്യസാചിക്ക് രാജിവെക്കേണ്ടി വന്നു. സബ്യസാചിയുടെ രാജി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും സാമ്പത്തിക വിദഗ്ധനുമായ പുലാപ്ര ബാലകൃഷ്ണനും യൂണിവേഴ്സിറ്റിക്ക് രാജിക്കത്ത് സമർപ്പിച്ചു. സബ്യസാചിയെ തിരിച്ചെടുത്തില്ലെങ്കിൽ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് മറ്റ് ഡിപാർട്മെൻ്റുകളിലെ അധ്യാപകരും ഉറച്ച പിന്തുണയുമായെത്തി.

അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷമാണ് സബ്യസാചി അശോക യൂണിവേഴ്സിറ്റിയിൽ പ്രഫസറായി എത്തിയത്. ജനാധിപത്യത്തിലെ അസമത്വങ്ങളായിരുന്നു സബ്യസാചിയുടെ പഠനവിഷയം. ഇന്ത്യയുടെ സൂക്ഷ്മ സാമ്പത്തിക പ്രക്രിയയെക്കുറിച്ച് വിശദ പഠനവും നടത്തിയിട്ടുണ്ട്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും അധ്യാപകനായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top