കോൺഗ്രസിൽ രാഷ്ട്രീയം തുടങ്ങിയ വിഎസ് കമ്യൂണിസ്റ്റായത് 1940ൽ…. പി.കൃഷ്ണപിള്ള കണ്ടെടുത്ത മാണിക്യം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ പഠനം അവസാനിപ്പിച്ച ശേഷം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം തുണിക്കടയിൽ ജോലി ചെയ്തു. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തന പ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ട കാലമായിരുന്നു അത്. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

Also Read: വിഎസ് എന്ന ജനകീയ നേതാവ്; തോറ്റും ജയിച്ചും എന്നും നാടിനൊപ്പം; കണ്ണേ കരളേ എന്ന് വിളിച്ച് ജനം സ്‌നേഹിച്ച ഏക നേതാവ്

അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റിനെ കണ്ടെത്തിയത് മുതിർന്ന നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ ഇടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്ക് ആയിരുന്നു. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവേ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.

Also Read: നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പ‌ർശമായിരുന്ന പ്രിയ സഖാവ്….. അനുശോചനം അറിയിച്ച് കെ.കെ രമ

1952ൽ വിഎസ് അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വിഎസ് 1956ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. അതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) ദേശീയ കൗൺസിൽ അംഗം. 1964ൽ പാർട്ടി പിളർന്നതോടെ സി.പി.എം. രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയായി. പാർട്ടി കേന്ദ്രകമ്മറ്റിയിൽ അംഗവുമായി. 1964 മുതൽ 1970 വരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു.

Also Read: വിഎസ് ജനകീയനായ കമ്യൂണിസ്റ്റ്; പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി പട പൊരുതിയ സഖാവ്

1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒടുവിൽ മത്സരിച്ച 2016ലെ വിജയം അടക്കം ആകെ ഏഴു തവണ നിയമസഭയിലെത്തി. മൂന്നുതവണ പ്രതിപക്ഷ നേതാവായി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സഭക്ക് അകത്തും പുറത്തും ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, ലോട്ടറി അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്ത് ജനമനസ് കീഴടക്കി. പിന്നീട് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 98 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ ജനം അധികാരത്തിലേറ്റി.

ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായി 2006 മെയ് 18ന് അധികാരം ഏൽക്കുമ്പോൾ, വിഎസ് 83 പിന്നിട്ടിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ ചരിത്രം കുറിച്ച ഒട്ടേറെ നടപടികൾക്ക് തുടക്കമിട്ടു. മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വിഎസ് തുടങ്ങിവച്ച ഓപ്പറേഷൻ, കേരള ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതായിരുന്നു. ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പോരാട്ടവും, ലാവലിൻ കേസിൽ ഒളിഞ്ഞും തെളിഞ്ഞും പിണറായിക്കെതിരെ നടത്തിയ പോരാട്ടങ്ങളും വിഎസിനെ കേരളം കണ്ട മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കി. അതൊക്കെ തന്നെയാണ് പകരം വയ്ക്കാനില്ലാത്ത അദ്ദേഹത്തിൻ്റെ ജനകീയതക്ക് അടിസ്ഥാനവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top