വിഎസിന് ക്യാപിറ്റൽ പണിഷ്മെൻ്റ് തുടർക്കഥ; പീരപ്പൻകോട് മുരളിക്കു പിന്നാലെ ആരോപണം ആവർത്തിച്ച് സുരേഷ് കുറുപ്പും

മുൻ മുഖ്യമന്തി വിഎസ് അച്ചുതാനന്ദൻ്റെ നിര്യാണശേഷം മുൻ എംഎൽഎയും സിപിഎം നേതാവുമായ പീരപ്പൻകോട് മുരളി നടത്തിയ വെളിപ്പെടുത്തലുകൾ സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. വിഎസിന് ക്യാപിറ്റല്‍ പണിഷ്മെന്‍റ് നല്‍കണമെന്ന് വിഭാഗീയതയുടെ കാലത്ത് പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിച്ച ചെറുപ്പക്കാരന് പെട്ടെന്ന് ഉന്നത പദവികളില്‍ എത്താന്‍ കഴിഞ്ഞെന്ന്, അക്കാലത്ത് സമ്മേളന പ്രതിനിധിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പിരപ്പന്‍കോട് മുരളി തുറന്നുപറഞ്ഞത് വലിയ വിവാദത്തിന് തിരികൊളുത്തി. പിരപ്പൻകോടിൻ്റെ വാദങ്ങൾ പാർട്ടി തള്ളിയെങ്കിലും അതുയർത്തിയ തീയും പുകയും ഇനിയും കെട്ടടങ്ങിയിട്ടില്ല.
ഇന്നിതാ കോട്ടയത്ത് നിന്നുള്ള മുൻ എംപിയും മുതിർന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പും ക്യാപിറ്റൽ പണിഷ്മെൻ്റ് വിവാദം ആവർത്തിക്കുന്നു. മാതൃഭൂമി ദിനപത്രം വാരാന്തപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ കുറുപ്പ് ഇങ്ങനെ എഴുതുന്നു… “കൊച്ചു മക്കളുടെ പ്രായമുള്ളവർ സമ്മേളനങ്ങളിൽ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിൻ്റെ തട്ടകമായ ആലപ്പുഴ സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്മെൻ്റ് കൊടുക്കണമെന്നു പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദിവിട്ടു പുറത്തേക്കിറങ്ങി.”
പാർട്ടി സമ്മേളനങ്ങളിൽ വിഎസിന് ക്യാപിറ്റൽ പണിഷ്മെൻ്റ് നൽകണമെന്നാരും പറഞ്ഞിട്ടില്ലെന്ന പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ്റെ അവകാശവാദം പൂർണമായി തള്ളുകയാണ് മുരളിയും സുരേഷ് കുറുപ്പും. മുരളി പറയുന്നത് തോന്ന്യാസമാണെന്നും അസംബന്ധമാണെന്നും ആയിരുന്നു ഗോവിന്ദന്റെ പ്രതികരണം.
എന്നാൽ സുരേഷ് കുറുപ്പിൻ്റെ വെളിപ്പെടുത്തൽ കൂടിയാകുന്നതോടെ പാർട്ടി നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായി. 2012ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഒരു ചെറുപ്പക്കാരനായ സമ്മേളന പ്രതിനിധി വിഭാഗീയത വളർത്തുന്ന ആളെന്ന നിലയിൽ വിഎസിന് ക്യാപിറ്റൽ പണിഷ്മെൻ്റ് നൽകണമെന്ന് പ്രസംഗിച്ചത്. അങ്ങനെ പ്രസംഗിച്ചത് എം സ്വരാജാണ് ആണെന്ന് വ്യാപകമായി പ്രചരണം ഉണ്ടായിരുന്നു. പലരും ഇപ്പോഴും ഇക്കാര്യം ആവർത്തിക്കുന്നുണ്ട്. ഈ ആരോപണത്തിന് വീണ്ടും ബലംനൽകുന്ന വെളിപ്പെടുത്തലാണ് പിരപ്പൻകോട് മുരളിയും സുരേഷ് കുറുപ്പും നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here