വിഎസ് പന്തല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയതെന്തിന്? 2002ലെ രാഷ്ട്രീയ കോളിളക്കം…

2002ൽ വിഎസ് അച്യുതാനന്ദൻ മലപ്പുറത്തെ പന്തല്ലൂർ ഭഗവതി ക്ഷേത്രത്തിൽ എത്തിയത് ഏറെ വിവാദമായിരുന്നു. വിഎസ് ചെരുപ്പും ഷർട്ട് അഴിച്ച് ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രം അന്നത്തെ പത്രങ്ങളിൽ നിറഞ്ഞിരുന്നു.
രഹസ്യമായി വിഎസ് ക്ഷേത്രത്തിൽ തൊഴാൻ എത്തിയതാണ് എന്ന വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. രാഷ്ട്രീയ പ്രതിയോഗികൾ ഒളിഞ്ഞും പതിഞ്ഞും അദ്ദേഹത്തെ ആക്രമിച്ചു. എന്നാൽ വിവാദങ്ങളെയെല്ലാം തള്ളിക്കൊണ്ട് വിഎസ്സും പാർട്ടിയും രംഗത്തെത്തുകയായിരുന്നു.
പന്തല്ലൂർ ഭഗവതി ക്ഷേത്രം ഭൂമി സ്വകാര്യ കമ്പനി പാട്ടത്തിനെടുക്കുകയും അവിടെ കൃഷി ചെയ്യുകയും ചെയ്തിരുന്നു. പാട്ട കാലാവധി കഴിഞ്ഞിട്ടും 800 ഏക്കർ ഭൂമി തിരികെ നൽകാൻ കമ്പനി തയ്യാറായില്ല.
പാട്ട കാലാവധി കഴിഞ്ഞിട്ടും ഭൂമി ക്ഷേത്രത്തിന് വിട്ടുകൊടുക്കാൻ തയ്യാറാകാത്തതിൽ ക്ഷേത്രസമിതി പരാതിയുമായി വിഎസിനെ സമീപിച്ചിരുന്നു. പരാതി കണക്കിലെടുത്ത് ഭൂമി തിരികെ നൽകണമെന്ന് ആവശ്യതത്തെ പിന്തുണച്ചാണ് വിഎസ് പന്തല്ലൂർ ക്ഷേത്രത്തിൽ എത്തിയതെന്നാണ് പിന്നീട് പാർട്ടി നൽകിയ വിശദീകരണം.
സ്ഥലം സന്ദർശിച്ച വിഎസ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. പാട്ടഭൂമി തിരികെ ക്ഷേത്രത്തിന് നൽകണമെന്ന് പൊതു താൽപര്യ ഹർജി ഹൈകോടതിയിൽ നൽകുകയും ചെയ്തു. ക്ഷേത്രത്തിലെത്തി കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് വിഎസ് കേസിൽ കക്ഷിചേർന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here