മേയറായി വിവി രാജേഷ്; സിപിഎം പ്രതിഷേധം; കോണ്‍ഗ്രസ് വോട്ട് അസാധു; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതുചരിത്രം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ബിജെപിയുടെ വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു. 51 വോട്ടുകള്‍ നേടിയാണ് രാജേഷിന്റെ വിജയം. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയാണ് രാജേഷിന് ലഭിച്ചത്. എംആര്‍ ഗോപനാണ് വിവി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. വി ജി ഗിരികുമാര്‍ പിന്‍താങ്ങി. കോണ്‍ഗ്രസില്‍ നിന്ന് ശബരീനാഥനും സിപിഎമ്മില്‍ നിന്ന് ആര്‍ പി ശിവജിയും മത്സരിച്ചിരുന്നു.

വോട്ട് എണ്ണിയപ്പോള്‍ സാധുവായത് 97 വോട്ടുകളായിരുന്നു. രണ്ട് കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവായി. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് കെ ആര്‍ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടുകള്‍ അസാധു ആയത്. ഇതോടെ കെഎസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍ പി ശിവജിക്ക് 29 വോട്ടുകളും ലഭിച്ചു.

രാജേഷിന്റെ വിജയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സിപിഎം പ്രതിഷേധിച്ചു. ഇരുപതോളം ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞയില്‍ ചട്ടം ലംഘിച്ചു എന്നാണ് സിപിഎം പരാതി. ദൈവങ്ങളുടെ പേരിലും ബലിദാനിയുടെ പേരിലും ചെയ്ത പ്രതിജ്ഞ അംഗീകരിക്കാന്‍ കഴിയില്ല. ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ വരാണാധികാരിയായ ജില്ലാ കളക്ടര്‍ ഇത് അംഗീകരിച്ചില്ല.

സിപിഎം പ്രതിഷേധത്തിനിടെ രാജേഷ് സത്യപ്രതിജ്ഞ ചെയ്തു. കളക്ടര്‍ തന്നെ അധികാര ചിഹ്നങ്ങള്‍ അണിയിക്കുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന് രാജേഷ് പറഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ വലിയ വികസനം കൊണ്ടുവരാന്‍ കഴിയും. അതിനായി പ്രവര്‍ത്തിക്കുമെന്നും രാജേഷ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top