മുട്ടടയിൽ വൈഷ്ണ മത്സരിക്കുമോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ന്

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഇന്ന്. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തെയും ഇടപെടലിനെയും തുടർന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം വീണ്ടും പരിഗണിച്ചത്.

വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെതിരെ വൈഷ്ണ സുരേഷ് നൽകിയ ഹർജി പരിഗണിക്കവെ, ഹൈക്കോടതി കഴിഞ്ഞ ദിവസം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഈ നടപടി അനാവശ്യ രാഷ്ട്രീയം മാത്രമാണെന്ന് വിമർശിച്ച കോടതി, യുവ സ്ഥാനാർത്ഥിയോട് ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും ചോദിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്നലെ നേരിട്ട് ഹിയറിങ്ങ് നടത്തി. ഹിയറിങ്ങിൽ വൈഷ്ണ സുരേഷ്, പരാതിക്കാരനായ സി.പി.എം. പ്രവർത്തകൻ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Also Read : വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ നിന്ന് ഔട്ട്; തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിന് മുന്നേ തിരിച്ചടി നേരിട്ട് കോൺഗ്രസ്

താൻ മുട്ടട വാർഡിലെ താമസക്കാരിയാണെന്നും, ഔദ്യോഗിക രേഖകളിലുള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും വൈഷ്ണ കമ്മീഷനെ അറിയിച്ചു. ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തതെന്ന പരാതിയിൽ സി.പി.എം പ്രവർത്തകൻ ധനേഷ് ഉറച്ചുനിന്നു. വോട്ട് വെട്ടിയ നടപടിയെ കോർപ്പറേഷൻ അധികൃതരും ന്യായീകരിക്കാൻ ശ്രമിച്ചു. ഈ വിഷയത്തിൽ ശരിയായ തീരുമാനം എടുക്കണമെന്ന് നിർദേശം നൽകിയ ഹൈക്കോടതി, കമ്മീഷൻ ഉചിതമായ നടപടി എടുത്തില്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കുമെന്നും സൂചിപ്പിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടാൽ വൈഷ്ണയ്ക്ക് മുട്ടട വാർഡിൽ മത്സരിക്കുന്നതിന് തടസ്സമുണ്ടാകില്ല.

വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20-നുള്ളിൽ ജില്ലാ കളക്ടർ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ വിമർശനം സി.പി.എമ്മിന്റെ നടപടിക്കെതിരെയായിരുന്നു. കേസിൽ കക്ഷി ചേരാനുള്ള കോർപ്പറേഷൻ്റെ ശ്രമത്തെയും ഹൈക്കോടതി വിമർശിച്ചിരുന്നു. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന നിലപാട് കോടതിയെ അറിയിക്കുകയും അതനുസരിച്ച് വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമുണ്ടാകുകയും ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top