വിവാദ കെഎന്‍ആര്‍സി കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കേരള കേഡര്‍ മുന്‍ ഐഎഎസുകാരന്‍; അയ്യങ്കാളിപ്പട ബന്ദിയാക്കിയ ഡബ്ല്യുആര്‍ റെഡ്ഢി

മലപ്പുറം കൂരിയാട് ഭാഗത്ത് നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്ത വിവാദ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കേരള കേഡര്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ.ഡബ്ല്യുആര്‍ റെഡ്ഡി (WR Reddy). അയ്യങ്കാളിപ്പട ബന്ദിയാക്കിയതിലൂടെ ഏറെ ചര്‍ച്ചയായ ഉദ്യോഗസ്ഥനാണ് ഡബ്ല്യുആര്‍ റെഡ്ഡി. 1996 ഒക്ടോബറില്‍ പാലക്കാട് കലക്ടറായിരുന്ന കാലത്താണ് ഇദ്ദേഹത്തെ ബന്ദിയാക്കിയത്. ഈ സംഭവത്തെ അധികരിച്ച് ‘പട’ എന്ന സിനിമ പുറത്തിറങ്ങിയിട്ടുണ്ട്.

1986 ബാച്ച് ഐഎഎസുകാരാനായ അദ്ദേഹം 35 വര്‍ഷത്തോളം സിവില്‍ സര്‍വീസിലുണ്ടായിരുന്നു. 2020ലാണ് വിരമിച്ചത്. സര്‍വീസ്‌കാലത്ത് കേരളത്തിലും കേന്ദ്രത്തിലും വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു എന്ന് മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. ദേശീയ പാത തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കെഎന്‍ആര്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഢി വ്യക്തമാക്കിയിരുന്നു.
ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയായ കൊമ്മിടി നരസിംഹ റെഡ്ഡിയാണ് കമ്പനിയുടെ സ്ഥാപകന്‍. സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയില്‍ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിര്‍മ്മിക്കുന്നത് കെഎന്‍ആര്‍ ആണ്. രാജ്യമെമ്പാടും 8700 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈവേ നിര്‍മ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന കമ്പനി പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം ഇതുവരെയും നല്‍കിയിട്ടില്ല.

എന്‍എച്ച് 66ലെ നാല് റീച്ചുകള്‍ മെയ് 31ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാവുമെന്ന് തോന്നുന്നില്ല. രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി – കാപ്പിരിക്കാട് എന്നീ രണ്ട് റീച്ചുകളുടെ നിര്‍മ്മാണമാണ് കെഎന്‍ആര്‍ കേരളത്തില്‍ നടത്തുന്നത്. 2021ല്‍ കമ്പിനിക്ക് നിര്‍മ്മാണ കരാര്‍ ലഭിച്ചു. 2022 ല്‍ തുടങ്ങിയ നിര്‍മ്മാണം സമയബന്ധിതമായി തന്നെ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതിനിടയിലാണ് തകര്‍ന്നു വീണത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here