മരിച്ച ശേഷവും മര്‍ദനം; വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീഡ്ഗഢിലെ ബിലാസ്പുര്‍ സ്വദേശി രാംനാരായണ്‍ ഭയ്യാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉളളത്. ഇതുകൂടാതെ മരണ ശേഷവും രാംനാരയണന്റെ ശരീരത്തില്‍ മര്‍ദനം ഏറ്റു എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. . പോലീസ് എഫ്‌ഐആറില്‍ പറയുന്നതിന് വിരുദ്ധമാണ് റിപ്പോര്‍ട്ടിലുള്ളത്. ബുധനാഴ്ച രാത്രി രാംനാരായണ്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി പോലീസ് ഔട്ട്‌പോസ്റ്റില്‍നിന്ന് അറിയിച്ചെന്നാണ് എഫ്‌ഐആറിലെ വിവരം. എന്നാല്‍ ഇത് തെറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഹിതേഷ് ശങ്കറിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ആള്‍ക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണം മുഴുവന്‍ വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാലിന്റെ ചെറുവിരല്‍മുതല്‍ തലയോട്ടിവരെ തകര്‍ത്ത മര്‍ദനമാണ് ഉണ്ടായത്. രാംനാരായണിന്റെ എല്ലാ വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്. നട്ടെല്ലും അടിച്ചൊടിച്ചു. വടി കൊണ്ടി അടിച്ചതിന്റ 40ല്‍ ഏറെ പാടുകളാണ് ശരീരത്തില്‍ കണ്ടെത്തിയത്. തലയിലും ആന്തരാവയവങ്ങളിലും ഇതുമൂലം രക്തസ്രാവമുണ്ടായി. ഇതാണ് മരണ കാരണമായിരിക്കുന്നത്.
ബുധനാഴ്ച മൂന്നുമണിയോടെയാണ് അട്ടപ്പള്ളം മാതാളികാട് ഭാഗത്ത് രാംനാരായണ്‍ ആക്രമിക്കപ്പെട്ടത്. മര്‍ദനമേറ്റ് രക്തം ഛര്‍ദിച്ച് കുഴഞ്ഞു വീണു. രാത്രി ഏഴുമണിയോടെയാണ് പോലീസെത്തി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതനിടയില്‍ തന്നെ മരണം സംഭവിച്ചു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here