കൊടും ക്രൂരതയിൽ സ്ത്രീകൾക്കും പങ്ക്; വാളയാറിൽ നടന്നത് രണ്ട് മണിക്കൂർ നീണ്ട നരനായാട്ട്

വാളയാറിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണൻ ഭാഗേലിനെ ((30) മർദ്ദിച്ച സംഘത്തിൽ സ്ത്രീകളുമുണ്ടായിരുന്നതായി പൊലീസ് നിഗമനം. ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള കർഹി ഗ്രാമവാസിയാണ് രാം. സംഭവത്തിൽ നേരിട്ട് പങ്കുള്ള 15 പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. നിലവിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസംബർ 18-ന് വൈകുന്നേരം ആറ് മണിയോടെ വാളയാർ അട്ടപ്പള്ളത്തുവെച്ചാണ് രാം നാരായണനെ ഒരുസംഘം തടഞ്ഞുവെച്ച് മർദ്ദിച്ചത്. “നീ ബംഗ്ലാദേശി ആണോടാ” എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന മർദ്ദനത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കാളികളായെന്നാണ് പ്രാഥമിക നിഗമനം. മോഷണം ആരോപിച്ചായിരുന്നു ആക്രമണമെങ്കിലും രാമിന്റെ കൈവശം മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read : മരിച്ച ശേഷവും മര്‍ദനം; വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രാം നാരായണന്റെ ശരീരത്തിൽ 40-ഓളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. തല മുതൽ കാൽ വരെ മർദ്ദനമേറ്റ പാടുകളുണ്ട്. തലയിലുണ്ടായ രക്തസ്രാവവും ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കുമാണ് മരണകാരണം. വടികൊണ്ട് അടിച്ചും നിലത്തിട്ട് ചവിട്ടിയും വലിച്ചിഴച്ചും ക്രൂരമായാണ് ആൾക്കൂട്ടം രാമിനെ കൊലപ്പെടുത്തിയത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക തെളിവുകൾ ശേഖരിച്ചു. ഒളിവിലുള്ള പ്രതികൾ അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നതായും സൂചനയുണ്ട്. വാളയാർ പൊലീസിനൊപ്പം ക്രൈംബ്രാഞ്ചും ചേർന്നാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കൊല്ലപ്പെട്ട രാം നാരായണന്റെ ബന്ധുക്കൾ ഇന്ന് തൃശൂരിലെത്തുമെന്നും സൂചനയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top