യുദ്ധം എങ്ങനെ നടത്തണമെന്ന് പറയുന്ന വാര്‍ ബുക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യയുടെ യുദ്ധ പുസ്തകം തയ്യാറാക്കിയത് മലയാളി ഐഎഎസുകാരന്‍

യുദ്ധം എങ്ങനെ നടത്തണം, യുദ്ധകാല സാഹചര്യത്തില്‍ ജനങ്ങള്‍ എങ്ങനെ പെരുമാറണം, ആര് എവിടെ ഒക്കെ ഉണ്ടാവണം എന്നതിനെ കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ഒരു പുസ്തകം നമുക്കുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് അണുവിട അങ്ങോട്ടോ ഇങ്ങോട്ടോ മാറാന്‍ പാടില്ല. 200 പേജും നീലക്കവറുമുള്ള ‘ദ യൂണിയന്‍ വാര്‍ ബുക്ക് 2010’ ( The Union War Book 2010) രഹസ്യ സ്വഭാവമുള്ളതാണ്. പൊതു മണ്ഡലത്തില്‍ ഈ പുസ്തകം ലഭ്യമല്ല. ഒട്ടുമിക്ക രാജ്യങ്ങളിലും സമാനമായ വാര്‍ ബുക്ക് നിലവിലുണ്ട്.
പ്രതിരോധ, ആഭ്യന്തര, ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് വര്‍ഷാവര്‍ഷം ആവശ്യാനുസരണം കൂട്ടി ചേര്‍ക്കലും മാറ്റങ്ങളും വരുത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര മന്ത്രാലയത്തിലെ ഉന്നതരെ കൂടാതെ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ പക്കല്‍ യുദ്ധ പുസ്തകത്തിന്റെ ഒരു കോപ്പി ഉണ്ടാവും. യുദ്ധസാഹചര്യങ്ങങ്ങളില്‍ സൈറണ്‍ മുഴക്കുന്നതു മുതല്‍ അടിയന്തരഘട്ടത്തില്‍ എന്തൊക്കെ നടത്തണം എന്നൊക്കെ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആര്‍ക്കും ഒരു സംശയത്തിനോ ആശയക്കുഴപ്പമോ ഇല്ലാതെ മുന്നോട്ട് പോകാനുള്ള പ്രോട്ടോകോള്‍ ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് വാര്‍ ബുക്ക്.
കൊളോണിയല്‍ ഭരണകാലത്താണ് യുദ്ധ നടത്തിപ്പുകള്‍ക്ക് അടുക്കും ചിട്ടയും വേണമെന്ന ഉദ്ദേശത്തോടെയാണ് വാര്‍ ബുക്കിന് രൂപം കൊടുത്തത്. എല്ലാ പതിനഞ്ച് വര്‍ഷം കൂടുമ്പോഴും വാര്‍ ബുക്ക് പരിഷ്‌കരിക്കുകയാണ് പതിവ്. 2010 ലാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ പരിഷ്‌കരണം നടത്തിയത്. ഈ വര്‍ഷം പുസ്തകം പരിഷ്‌കരിക്കുമെന്നുറപ്പാണ്.
മലയാളി ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ആഭ്യന്തര സെക്രട്ടറിയുമായ ഗോപാല്‍ കൃഷ്ണപിള്ള എന്ന ജികെ പിള്ളയാണ് 2010ല്‍ വാര്‍ ബുക്കിന് പുതിയ രൂപം കൊടുത്തത്. മുംബൈ തീവ്രവാദ സംഭവം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് ജി കെ പിള്ളയുടെ നേതൃത്വത്തില്‍ വിപുലമായ ഒരു പ്രോട്ടോകോള്‍ ഗൈഡ് ലൈന്‍സിന് രൂപം കൊടുത്തത്.
2010ല്‍ പുസ്തകം എഴുതിയ സാഹചര്യമല്ല നിലവിലുള്ളത്. യുദ്ധ രംഗത്ത് വ്യാജ വാര്‍ത്തകളുടെ അതിപ്രസരവും അതിന്റെ വ്യാപനവും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. പക്ഷേ, ആ വെല്ലുവിളിയെ കാലാനുസൃതമായി നേരിടാന്‍ കഴിഞ്ഞിട്ടുമുണ്ട്. ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യമനുസരിച്ച് പരിഷ്‌കാരങ്ങള്‍ വാര്‍ ബുക്കില്‍ വരുത്താന്‍ ശ്രമിക്കുന്ന പതിവുണ്ട്.
ശാസ്ത്രവും യുദ്ധ തന്ത്രങ്ങളും മാറുമ്പോഴും നമ്മള്‍ ചില പഴഞ്ചന്‍ തന്ത്രങ്ങളും യുദ്ധ രംഗത്ത് പയറ്റാറുണ്ട്. ശത്രുവിന്റെ കണ്ണുവെട്ടിക്കാനും, ചാര ഉപഗ്രങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കാനും പഴയ കാല വാര്‍ത്താവിനിമയ മാര്‍ഗങ്ങളും ഉപയോഗിക്കുന്ന പതിവുണ്ട്. അതീവ രഹസ്യ സ്വഭാവമുള്ള വാര്‍ ബുക്ക് നമ്മുടെ തന്ത്രങ്ങളുടെ സമാഹാരമാണ്. വാര്‍ ബുക്ക് യുദ്ധകാലത്തെ നമ്മുടെ രക്തധമനിയും ഉത്തേജ ഔഷധവുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here